| Monday, 9th December 2024, 12:17 pm

ആയിരം സിനിമയില്‍ അഭിനയിച്ചിട്ടും ഒരു ഡയലോഗ് പറയാനാകില്ലേയെന്ന് സംവിധായകന്റെ ചോദ്യം; സുകുമാരിയുടെ മറുപടി ഇതായിരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ച്‌ പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന മികച്ച നടിമാരിൽ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

മികച്ച സഹ നടിക്കുള്ള നാഷണൽ അവാർഡും സ്വന്തമാക്കിയ സുകുമാരി മലയാളത്തിൽ പ്രിയദർശൻ, ലാൽജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ നിറസാന്നിധ്യമായിരുന്നു. സുകുമാരിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ.

ഒരു സിനിമയുടെ ഷൂട്ടിനിടയിൽ സുകുമാരിക്ക് വലിയൊരു ഡയലോഗ് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ഒറ്റ ടേക്കിൽ പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് സംവിധായകനോട് പറഞ്ഞപ്പോൾ അദ്ദേഹം സുകുമാരിയെ ഹറാസ് ചെയ്‌തെന്നും അനൂപ് മേനോൻ പറയുന്നു. എന്നാൽ സുകുമാരി ഒരു മറുപടി കൊടുത്തള്ളപ്പോൾ അയാൾ സൈലന്റായെന്നും അനൂപ് മേനോൻ പറഞ്ഞു.

‘ചിലർ നമ്മളെ ഒരുപാട് കുറ്റം പറഞ്ഞ് നമ്മളെയങ്ങ് നശിപ്പിക്കുമല്ലോ. ഞാൻ പേരൊന്നും പറയുന്നില്ല. വലിയൊരു ആളാണ്. ഒരു സംവിധായകൻ. ആ സീനിൽ സുകുമാരിയമ്മയ്ക്ക് കുറച്ച് വലിയ ഡയലോഗുണ്ട്. അതും കുറച്ച് കട്ടി മലയാളമാണ്. സുകുമാരിയമ്മ അത് ഇരുന്ന് പഠിക്കുന്നുണ്ട്. സിനിമയിൽ പ്രോമ്റ്റിങ് ഉണ്ടല്ലോ. പക്ഷെ ആ ഡയലോഗ് പ്രോമ്റ്റിങ് ചെയ്താലും പറയാൻ ബുദ്ധിമുട്ടാണ്.

അങ്ങനെ ആ സീൻ ഒരു അഞ്ചാറ് ടേക്ക് പോയി. അതോടെ സുകുമാരി ചേച്ചി സംവിധായകനോട്, സാർ ആദ്യത്തെ കുറച്ച് ഭാഗം ഒന്ന് പ്രോമ്റ്റിങ് ചെയ്തു തരുമോയെന്ന് ചോദിച്ചു. നിങ്ങൾ ആയിരം സിനിമയിൽ അഭിനയിച്ചു, എന്നിട്ട് ഒരു ഡയലോഗ് പറയാൻ പറ്റുന്നില്ലേയെന്നൊക്കെ ചോദിച്ച് ആ സംവിധായകൻ സുകുമാരിയമ്മയെ ഹറാസ് ചെയ്യുന്നുണ്ട്.

സുകുമാരി ചേച്ചി ഗതികെട്ടിട്ടാണ് ആ ഫസ്റ്റ് വരി പ്രോമ്റ്റിങ് ചെയ്തു തരാൻ പറ്റുമോയെന്ന് ചോദിക്കുന്നത്. അപ്പോൾ ആ സംവിധായകൻ ചോദിച്ചു, നിത്യ ജീവിതത്തിൽ ഇങ്ങനെയാണോ സുകുമാരി, ഇങ്ങനെ പ്രോമ്റ്റ് ചെയ്‌താണോ സംസാരിക്കുക. അത് കേട്ടപാടെ എടുത്ത വായയിൽ സുകുമാരി ചേച്ചി പറഞ്ഞു, സാർ ജീവിതത്തിൽ നമ്മൾ സംസാരിച്ചിട്ട് സ്റ്റുഡിയോയിൽ പോയല്ലല്ലോ ഡബ്ബ് ചെയ്യുന്നതെന്ന്. അതോടെ പരിപാടി തീർന്നു. പിന്നെ അദ്ദേഹത്തിന് ഒന്നും പറയാനില്ലായിരുന്നു,’അനൂപ് മേനോൻ പറയുന്നു.

Content Highlight: Anoop menon About Actress Sukumari

Video Stories

We use cookies to give you the best possible experience. Learn more