| Sunday, 11th March 2012, 12:44 pm

അനൂപ് കേസ് മറച്ചുവെച്ചുവെന്ന്; സ്ഥാനാര്‍ത്ഥിത്വം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിറവം: പിറവത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് വരണാധികാരിയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരമാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ട്. തനിക്കെതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ അനൂപ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറച്ചുവെച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ അനൂപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് മറച്ചുവെച്ചത്. 2006 മെയ് 17ന് ഹൈക്കോടതി നിര്‍ദേശം മറികടന്ന് പ്രകടനം നടത്തിയെന്നാണ് അനൂപിനെതിരെയുള്ള കേസ്. ഈ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് അനൂപെന്നാണ് പോലീസ് റിപ്പോര്‍ട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍ നാമനിര്‍ദേശ പത്രികക്കൊപ്പം വരണാധികാരിക്ക് നല്‍കിയ വിവരത്തില്‍ എറണാകുളത്തെ കേസിനെക്കുറിച്ച് ഒന്നും പറയുന്നില്ല. സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട ഒരു കേസിനെക്കുറിച്ച മാത്രമേ പറയുന്നുള്ളൂ. എറണാകുളത്തെ കേസ് മറച്ചുവെച്ച് അസത്യവാങ്മൂലം നല്‍കിയെന്നാണ് അനൂപിനെതിരെ ഉയരുന്ന പരാതി.

ഈ കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അനൂപിനെതിരെ കേസുണ്ട്. കേസില്‍ അഞ്ചാം പ്രതിയാണ് അദ്ദേഹം. മറ്റ് 14 പേരും പ്രതികളാണ.്  യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ചതായാണ് കേസ്. 2007 സെപ്റ്റംബര്‍ 21ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അനൂപ് ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടാനായിട്ടിണ്ടൊണ് പറയുന്നത്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ എഫ്.ഐ.ആറും കുറ്റപത്രവും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ അവകാശപ്പെട്ടു.

വ്യാജ സത്യവാങ്മൂലം നല്‍കി യു.ഡി.എഫ് പിറവത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കയാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. അതേസമയം പൊതുപ്രവര്‍ത്തകര്‍ക്ക് കേസുണ്ടാവുക സ്വാഭാവികമാണെന്നും ചാനല്‍ വാര്‍ത്തകളോട് മറുപടി പറയേണ്ടതില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more