അനൂപിനെ മന്ത്രിയാക്കുമെന്ന് ഉറപ്പ്; നേട്ടമുണ്ടാക്കിയത് തങ്ങളെന്ന് എല്‍.ഡി.എഫ്
Kerala
അനൂപിനെ മന്ത്രിയാക്കുമെന്ന് ഉറപ്പ്; നേട്ടമുണ്ടാക്കിയത് തങ്ങളെന്ന് എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st March 2012, 8:36 am

തിരുവനന്തപുരം: പിറവത്ത് ചരിത്രവിജയം നേടിയ അനൂപ് ജേക്കബിനെ മന്ത്രിയക്കുമെന്ന് യു.ഡി.എഫ് നേതാക്കളുടെ ഉറപ്പ്. മന്ത്രിമാരായ കെ.എം മാണിയും കെ.ബാബുവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനൂപിനെ മന്ത്രിയാക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അതിലെന്താണ് സംശയം ഇക്കാര്യം നേരത്തെ മുഖ്യമന്ത്രി പറഞ്ഞതല്ലെ”യെന്നായിരുന്നു മാണിയുടെ മറുപടി. അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്നും സത്യപ്രതിജ്ഞാ തീയ്യതി മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മന്ത്രി കെ.ബാബുവും വ്യക്തമാക്കി.

അതേസമയം പിറവത്ത് തോല്‍വിയേറ്റുവാങ്ങിയെങ്കിലും വോട്ടിങ് നിലയില്‍ എല്‍.ഡി.എഫാണ് മുന്നേറ്റമുണ്ടാക്കിയതെന്ന് സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അവകാശപ്പെട്ടുയ കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 64000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 70686 വോട്ടുകളായി വര്‍ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത് എല്‍.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലേറി ഒരു വര്‍ഷത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിനുള്ള അംഗീകാരമാണെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിനെതിരെ എല്‍.ഡി.എഫ് വ്യാപകമായ പ്രചാരണം നടത്തിയെങ്കിലും അതൊന്നും പിറവം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് വിജയം വ്യക്തമാക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ നടന്നപ്പോള്‍ നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷത്തില്‍ വന്‍കുറവുണ്ടാവുകയായിരുന്നു. മത്തായി ചാക്കോ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ പിന്നീട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് എം. തോമസിന്റെ ലീഡ് 200 ആയി കുറഞ്ഞു. എന്നാല്‍ പിറവത്ത് നേരെ വിപരീതമായ സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

അതേസമയം പിറവത്തെ തോല്‍വിക്ക് ശെല്‍വരാജന്റെ രാജിയോ സിന്ധു ജോയിക്കെതിരെയുള്ള വി.എസിന്റെ പ്രസ്താവനയോ കാരണമായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

പഞ്ചായത്തു തിരിച്ചുള്ള ലീഡ് കണക്കുകകള്‍

തിരുവാങ്കുളം (എല്‍ഡിഎഫ്) 365

ചോറ്റാനിക്കര(എല്‍ഡിഎഫ്) 171

മുളന്തുരുത്തി(യുഡിഎഫ്) 1522

മണീട്(യുഡിഎഫ്) 1042

രാമമംഗലം(യുഡിഎഫ്) 985

പാമ്പാക്കുട(യുഡിഎഫ്) 1216

ആമ്പല്ലൂര്‍(യുഡിഎഫ്) 638

എടക്കാട്ടുവയല്‍(യുഡിഎഫ്) 721

പിറവം(യുഡിഎഫ്) 1336

തിരുമാറാടി(യുഡിഎഫ്) 2197

ഇലഞ്ഞി(യുഡിഎഫ്) 1832

കൂത്താട്ടുകുളം(യുഡിഎഫ്) 1058