'ഇതാ മറ്റൊരാള്‍ കൂടി ഇരയായിരിക്കുന്നു..' സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ വീണ്ടും ആരോപണം
Malayalam Cinema
'ഇതാ മറ്റൊരാള്‍ കൂടി ഇരയായിരിക്കുന്നു..' സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ വീണ്ടും ആരോപണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 1:13 pm

സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ആര്‍ട്ട് ഡയറക്ടര്‍ അനൂപ് ചാലിശ്ശേരി. സംവിധായകനെതിരെ കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് ഇത്.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ തുടക്കം മുതല്‍ തന്നോട് ഒരു വേലക്കാരിയോട് പെരുമാറുന്നത് പോലെയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പെരുമാറിയത് എന്നായിരുന്നു ലിജി ആരോപിച്ചത്.

പടം ചെയ്യുന്ന സമയത്തും തനിക്ക് സംവിധായകനില്‍ നിന്ന് വലിയ മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും ലിജി പറഞ്ഞിരുന്നു. ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടും ക്രെഡിറ്റ് കാര്‍ഡില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ലിജി പ്രേമന്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആര്‍ട്ട് ഡയറക്ടര്‍ അനൂപ് ചാലിശ്ശേരി രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. സംവിധായകന്റെ ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന സിനിമയിലെ 95 ശതമാനം സെറ്റ് വര്‍ക്കുകളും ചെയ്ത അജയ് മങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ കൊടുത്തില്ലെന്നും അത് കാരണം അദ്ദേഹത്തിന് അവാര്‍ഡ് നഷ്ടമായെന്നും അനൂപ് പോസ്റ്റില്‍ പറയുന്നു.

അനൂപ് ചാലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയ ലിജീ, ‘ന്നാ താന്‍ കേസ് കൊടു’ത്തത് നന്നായി. നിങ്ങള്‍ക്ക് നീതി ലഭിക്കട്ടെ. സത്യം എന്നായാലും പുറത്തുവരും. അവഗണിക്കപ്പെടുന്നവരുടെ കരച്ചിലുകള്‍ കാലഹരണപ്പെടുകയില്ല. അത് നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കും. ഈ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഞാന്‍ താങ്കള്‍ക്കൊപ്പമാണ്.

പ്രിയ സംവിധായകര്‍ ശ്രദ്ധിക്കുമല്ലോ. ജെ.സി. ഡാനിയേല്‍ സാര്‍ മുതല്‍ വളരെ പ്രഗല്‍ഭരും പ്രശസ്തരുമായ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒരുപാട് പേര്‍ ഇരുന്നുവാണ ‘സംവിധായക കസേര’യില്‍ ഒരു കടുകുമണിയോളം ചെറിയ ഭാഗമായാലും ചീഞ്ഞു നാറുന്നുവെങ്കില്‍ ഒരു സംവിധായകന്‍ നാറ്റിക്കുന്നുവെങ്കില്‍ ആ ഭാഗം അവിടെയങ്ങ് കൊത്തിക്കളഞ്ഞു ശുദ്ധീകരിക്കണം.

അല്ലെങ്കില്‍ സിനിമ കാണുന്ന മൊത്തം പ്രേക്ഷകര്‍ക്കും ഞങ്ങള്‍ ടെക്നീഷ്യന്‍മാര്‍ക്കുമൊക്കെ ഈ കസേരയോട് തോന്നുന്ന വലിയ ആദരവും സ്‌നേഹവും കുറയും. മലയാള സിനിമയെയും ടെക്‌നീഷ്യന്‍സിനെയുമൊക്കെ മുമ്പില്ലാത്തവിധം ലോകം മുഴുവന്‍ വാഴ്ത്തുന്ന കാലമാണ്. അപ്പോള്‍ പിന്നെ ഇമ്മാതിരി പരിപാടികള്‍ കാണിച്ചാല്‍, സോഷ്യല്‍ മീഡിയ മൊത്തം പരന്നാല്‍, മ്മ്ടെ സിനിമാക്കാരുടെ പേരിന് മൊത്തം ഇടിവല്ലേ സംവിധായകന്‍ സാര്‍?

ഒരു സിനിമയുടെ ഭാഗമായി നിന്ന് തന്റെ ചോരയും നീരും ചിന്തകളും നല്‍കിയ ഒരു കോസ്റ്റ്യൂം ഡിസൈനറെ അങ്ങേയറ്റം മാനസികമായി പീഡിപ്പിക്കുക, വേലക്കാരിയെപ്പോലെ പെരുമാറുക, പേര് ക്രെഡിറ്റ് ലിസ്റ്റില്‍ കൊടുക്കാതിരിക്കുക, അതേ സിനിമയുടെ നിര്‍മാതാക്കള്‍ സംവിധായകന്‍ ഒട്ടും സൗഹാര്‍ദപരമായി പെരുമാറിയില്ലെന്ന് സമ്മതിക്കുക, ഇതെല്ലാം കൂടി എവിടേക്കാണ് പോകുന്നത്?

ഇത്തരം സംവിധായകരെ ഒരു തരത്തിലും ഒരു ഭാഷയിലും അനുവദിക്കരുത്. ഇതേ സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ കോടതിയടക്കമുള്ള വലിയ സെറ്റുകളടക്കം 95 ശതമാനവും സെറ്റ് വര്‍ക്ക് ചെയ്ത കലാസംവിധായകന്‍ അജയ് മാങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ കൊടുത്തില്ല. ബാക്കിയുള്ള അഞ്ച് ശതമാനം മാത്രം സെറ്റ് വര്‍ക്ക് ചെയ്ത വേറൊരു കലാസംവിധായകന് അതേ വര്‍ഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും കിട്ടി.

അങ്ങനെ അജയ് മാങ്ങാട് എന്ന കലാസംവിധായകന്‍ പരിഹസിക്കപ്പെട്ടു. ആരോപണങ്ങളാല്‍ തളയ്ക്കപ്പെട്ടു. അയാള്‍ പ്രതിഷേധിച്ചില്ല. കോടതിയില്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ നിരന്തരം തള്ളി മറിച്ചില്ല. പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി. കാലം മാറി, അവഗണന മാറിയില്ല. ഇതാ മറ്റൊരാള്‍ കൂടി ഇരയായിരിക്കുന്നു. ജനത്തിന് ഇത് വല്ലതുമറിയാവോ?

സംവിധായകാ, നിങ്ങള്‍ ഒന്ന് ചുണ്ടനക്കിയിരുന്നെകില്‍, ഇത്തിരി മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ ആ കലാകാരന്റെ അര്‍ഹതക്കുള്ള അംഗീകാരം നഷ്ടമാകുമായിരുന്നില്ല. പേരോ പെരുമയോ വേണ്ട. ഒരിത്തിരി മര്യാദ, സഹജീവികളോട് കരുണ, അല്‍പം സൗഹാര്‍ദ്ദം, അതല്ലേ വേണ്ടത്.

ഒരു സിനിമ എന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഒരാളും ആരുടേയും അടിമയല്ല. പ്രിയ ലോഹിതദാസ് സാറിന്റെ വാക്കുകളാണ് ഓര്‍മവരുന്നത്. ‘കലയും സഹൃദയത്വവുമുണ്ടെങ്കിലേ മനുഷ്യത്വമുണ്ടാവൂ. തീവ്രമായ മനുഷ്യത്വണ്ടെങ്കിലോ കലാകാരനായി. ആ മനസ് നഷ്ടമാവരുത്’.


Content Highlight: Anoop Chalissery With Facebook Post Against Director Ratheesh Balakrishna Poduval