| Sunday, 25th June 2023, 9:35 am

മോന്‍സണെ 'സര്‍' എന്ന് വിളിച്ചത് യുട്യൂബ് ചാനല്‍; പരിശോധിക്കാതെയാണോ വാട്സ്ആപ്പ് ഫോര്‍വേഡുകള്‍ ഏറ്റെടുക്കുന്നത്: സ്വരാജിനോട് അനൂപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുരാവസ്തു വകുപ്പ് തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ സര്‍ എന്ന് വിളിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണെന്ന് സി.പി.ഐ.എം നേതാവ് എം.സ്വരാജിന് മറുപടി നല്‍കി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ബാലചന്ദ്രന്‍. വാര്‍ത്താസമ്മേളനങ്ങളില്‍ നുഴഞ്ഞുകയറുന്നവര്‍ വിളിച്ച് പറയുന്ന മണ്ടത്തരങ്ങളും വഷളത്തരങ്ങളും എങ്ങനെയാണ് ന്യൂസ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സ്വരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. അതിലെ മോന്‍സണ്‍ മാവുങ്കലിനെ മാധ്യമങ്ങള്‍ സര്‍ എന്ന് വിളിച്ചുവെന്ന് പരാമര്‍ശിച്ചിരുന്നു. ഈ വിഷയത്തിലാണ് അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒന്നും പരിശോധിക്കാതെയാണോ ഓണ്‍ലൈന്‍ വ്യാജപ്രചാരണങ്ങളും വാട്‌സ് ആപ്പ് ഫോര്‍വേഡുകളും ഏറ്റെടുക്കുന്നതെന്നും അനൂപ് ചോദിച്ചു.

‘ ശ്രീ എം. സ്വരാജ്, കേരളത്തിലെ ന്യൂസ് ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ സര്‍ക്കാരിന്റെ പി.ആര്‍.ഡി ഡയറക്ടറിയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്. പ്രൊഫഷണല്‍ ടാക്സും ആദായനികുതിയും അടക്കുന്നവരാണ്.

വഴിയെ പോകുന്നവര്‍ അല്ല ഒരു പ്രധാന മാധ്യമങ്ങളിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രവണത താങ്കളുടെ ശ്രദ്ധയില്‍പെടുത്തട്ടെ.

പൊതുസ്ഥലങ്ങളിലെ വാര്‍ത്താ പ്രതികരണങ്ങളില്‍ മൊബൈലുമായി പലരും കടന്നു കൂടുന്നുണ്ട്. പി.ആര്‍.ഡിക്ക് പോയിട്ട് അവിടെയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാര്‍ക്ക് പോലും അറിയില്ല ഇവരൊക്കെ ആരാണെന്ന്.

അതില്‍ രാഷ്ട്രീയക്കാരുടെ പി.ആര്‍ ടീമുണ്ട്, രാഷ്ട്രീയപാര്‍ട്ടികളിലെ ന്യൂമീഡിയാ ടീമുണ്ട്, ഓണ്‍ലൈന്‍ ചാനല്‍ എന്ന് പറഞ്ഞ് വരുന്ന വ്യക്തികളുണ്ട്, ദിവസകൂലിക്കാരുണ്ട്, ഓണ്‍ലൈന്‍ ഉടമകളുണ്ട്.

വാര്‍ത്താസമ്മേളനങ്ങളില്‍ ഇങ്ങനെ നുഴഞ്ഞുകയറുന്നവര്‍ വിളിച്ച് പറയുന്ന മണ്ടത്തരങ്ങള്‍, വഷളത്തരങ്ങള്‍ എങ്ങനെ ന്യൂസ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാകും? പറഞ്ഞ് വരുന്നത് പോക്‌സോ കേസ് കുറ്റവാളി മോന്‍സണ്‍ മാവുങ്കലിനെ സാര്‍ എന്ന് വിളിച്ച സംഭവമാണ്.

എല്ലാ ചാനലുകളും റിപ്പോര്‍ട്ടിങ് നടത്തിയ ജൂണ്‍ 17നും ഉണ്ടായിരുന്നു എറണാകുളം പോക്‌സോ കോടതി പരിസരത്ത് മൊബൈലുമായി ഒരു യൂ ട്യൂബ് ചാനല്‍. ‘ക്രൈംസ്റ്റോറിക്ക് ‘(CRIME STORY)വേണ്ടി അന്ന് ഒരു മൊബൈലും പിടിച്ച് ‘മുഖത്ത് ക്ഷീണമുണ്ടല്ലോ സാര്‍’ എന്ന ചോദ്യം ചോദിച്ച വ്യക്തിയെ അതിന് മുമ്പോ അതിന് ശേഷമോ കൊച്ചിയിലെ ഒരു പരിപാടിയിലും ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടിട്ടില്ല.

ക്രൈംസ്റ്റോറിയുടെ യൂട്യൂബ് ലിങ്ക് തുറന്നാല്‍ ചോദ്യങ്ങളും അന്നേ ദിവസത്തെ റിപ്പോര്‍ട്ടും കാണാന്‍ കഴിയും. വാസ്തവം ഇതെന്നിരിക്കെ സി.പി.ഐ.എം അനുകൂല സൈബര്‍പ്രചാരകര്‍ ഈ സാര്‍ വിളി മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ ആരോപിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.

അവിടെയുണ്ടായിരുന്ന പാര്‍ട്ടി ചാനലിന്റെ റിപ്പോര്‍ട്ടറോടെങ്കിലും വിളിച്ച് തിരക്കിയിരുന്നെങ്കില്‍ സര്‍ വിളിയുടെ പൊരുള്‍ ബോധ്യപ്പെട്ടേനെയെന്നും അനൂപ് പറഞ്ഞു. ഒന്നും പരിശോധിക്കാതെയാണോ ഓണ്‍ലൈന്‍ വ്യാജപ്രചാരണങ്ങളും വാട്‌സ് ആപ്പ് ഫോര്‍വേഡുകളും ഏറ്റെടുക്കുന്നതെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ വിളി ചുമത്തി പൊതുവത്ക്കരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘അധ്യാപകനായ ഗോവിന്ദന്‍ മാസ്റ്ററെ ‘എം.വി. ഗോവിന്ദന്‍ ‘ എന്ന് വിളിക്കുകയും പോക്സോ കേസില്‍ പല ജീവപര്യന്തങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ ‘സര്‍ ‘ എന്ന് വിളിച്ചുകൊണ്ട് വിനയാന്വിതരാവുകയും ചെയ്യുന്ന വര്‍ത്തമാനകാല മലയാളമാധ്യമ സംസ്‌കാരത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മര്യാദ പ്രതീക്ഷിക്കാനാവില്ലല്ലോ,’ എന്ന പരാമര്‍ശമാണ് കഴിഞ്ഞ ദിവസത്തെ പോസ്റ്റിലൂടെ സ്വരാജ് നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീ എം.സ്വരാജ്, കേരളത്തിലെ ന്യൂസ് ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ സര്‍ക്കാരിന്റെ പി.ആര്‍.ഡി ഡയറക്ടറിയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്. പ്രൊഫഷണല്‍ ടാക്‌സും ആദായനികുതിയും അടക്കുന്നവരാണ്.

മുഖ്യമന്ത്രി തന്നെ നേരിട്ട് ശ്രദ്ധിക്കുന്ന വകുപ്പ് പി.ആര്‍.ഡി അക്രഡിറ്റേഷന്‍ നല്‍കുന്നതും വെറുതെയല്ലല്ലോ. വഴിയെ പോകുന്നവര്‍ അല്ല ഒരു പ്രധാന മാധ്യമങ്ങളിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രവണത താങ്കളുടെ ശ്രദ്ധയില്‍പെടുത്തട്ടെ.

പൊതുസ്ഥലങ്ങളിലെ വാര്‍ത്താ പ്രതികരണങ്ങളില്‍ മൊബൈലുമായി പലരും കടന്നു കൂടുന്നുണ്ട്. പി.ആര്‍.ഡിക്ക് പോയിട്ട് അവിടെയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാര്‍ക്ക് പോലും അറിയില്ല ഇവരൊക്കെ ആരാണെന്ന്.

അതില്‍ രാഷ്ട്രീയക്കാരുടെ പി.ആര്‍ ടീമുണ്ട്, രാഷ്ട്രീയപാര്‍ട്ടികളിലെ ന്യൂമീഡിയാ ടീമുണ്ട്, ഓണ്‍ലൈന്‍ ചാനല്‍ എന്ന് പറഞ്ഞ് വരുന്ന വ്യക്തികളുണ്ട്, ദിവസകൂലിക്കാരുണ്ട്, ഓണ്‍ലൈന്‍ ഉടമകളുണ്ട്.

വാര്‍ത്താസമ്മേളനങ്ങളില്‍ ഇങ്ങനെ നുഴഞ്ഞുകയറുന്നവര്‍ വിളിച്ച് പറയുന്ന മണ്ടത്തരങ്ങള്‍, വഷളത്തരങ്ങള്‍ എങ്ങനെ ന്യൂസ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാകും? പറഞ്ഞ് വരുന്നത് പോക്‌സോ കേസ് കുറ്റവാളി മോന്‍സണ്‍ മാവുങ്കലിനെ സാര്‍ എന്ന് വിളിച്ച സംഭവമാണ്.

എല്ലാ ചാനലുകളും റിപ്പോര്‍ട്ടിങ് നടത്തിയ ജൂണ്‍ 17നും ഉണ്ടായിരുന്നു എറണാകുളം പോക്‌സോ കോടതി പരിസരത്ത് മൊബൈലുമായി ഒരു യൂ ട്യൂബ് ചാനല്‍. ‘ക്രൈംസ്റ്റോറിക്ക് ‘(CRIME STORY)വേണ്ടി അന്ന് ഒരു മൊബൈലും പിടിച്ച് ‘മുഖത്ത് ക്ഷീണമുണ്ടല്ലോ സാര്‍’ എന്ന ചോദ്യം ചോദിച്ച വ്യക്തിയെ അതിന് മുമ്പോ അതിന് ശേഷമോ കൊച്ചിയിലെ ഒരു പരിപാടിയിലും ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടിട്ടില്ല.

ക്രൈംസ്റ്റോറിയുടെ യൂട്യൂബ് ലിങ്ക് തുറന്നാല്‍ ചോദ്യങ്ങളും അന്നേ ദിവസത്തെ റിപ്പോര്‍ട്ടും കാണാന്‍ കഴിയും. വാസ്തവം ഇതെന്നിരിക്കെ സി.പി.ഐ.എം അനുകൂല സൈബര്‍പ്രചാരകര്‍ ഈ സാര്‍ വിളി മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ ആരോപിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്.

ഒരാഴ്ചയായി ഇത് കാണുന്നുണ്ടെങ്കിലും പ്രതികരിക്കാതിരുന്നത് സത്യം മനസിലാക്കാതെയല്ല അവര്‍ ഇത് പ്രചരിപ്പിക്കുന്നത് എന്ന ബോധ്യമുള്ളത് കൊണ്ടാണ്. എന്നാല്‍ ഒടുവില്‍ മുന്‍ എം.എല്‍.എയും സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ താങ്കള്‍ ഈ പ്രചാരണം വിശ്വസിച്ച് ഏറ്റെടുത്തിരിക്കുന്നു.

എഫ്.ബിയില്‍ എഴുതിയത് ഇങ്ങനെയാണല്ലൊ ‘അധ്യാപകനായ ഗോവിന്ദന്‍ മാസ്റ്ററെ ‘എം.വി. ഗോവിന്ദന്‍ ‘ എന്ന് വിളിക്കുകയും പോക്‌സോ കേസില്‍ പല ജീവപര്യന്തങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ
‘സര്‍’ എന്ന് വിളിച്ചുകൊണ്ട് വിനയാന്വിതരാവുകയും ചെയ്യുന്ന വര്‍ത്തമാനകാല മലയാളമാധ്യമ സംസ്‌കാരത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മര്യാദ പ്രതീക്ഷിക്കാനാവില്ലല്ലോ’

ശ്രീ എം.സ്വരാജ്, അവിടെയുണ്ടായിരുന്ന പാര്‍ട്ടി ചാനലിന്റെ റിപ്പോര്‍ട്ടറോട് എങ്കിലും വിളിച്ച് തിരക്കിയിരുന്നെങ്കില്‍ സര്‍ വിളിയുടെ പൊരുള്‍ താങ്കള്‍ക്ക് ബോധ്യപ്പെട്ടേനെ. ഒന്നും പരിശോധിക്കാതെയാണോ ഓണ്‍ലൈന്‍ വ്യാജപ്രചാരണങ്ങളും വാട്‌സ് ആപ്പ് ഫോര്‍വേഡുകളും താങ്കള്‍ ഏറ്റെടുക്കുന്നത്? മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ വിളി ചുമത്തി പൊതുവത്ക്കരിക്കുന്നത്?

ഡി.വൈ.എഫ്.ഐയില്‍ താങ്കളുടെ പിന്മുറക്കാര്‍ സോഷ്യല്‍ മീഡിയാ കണ്ടന്റ് ക്രിയേറ്റിങ് രംഗത്ത് മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ രംഗത്തിറങ്ങുന്ന ഈ ഘട്ടത്തില്‍ അസംബന്ധ പ്രചരണങ്ങളുടെ ആ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ താങ്കള്‍ വിശ്വസിക്കുന്ന സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ കൂടി ഉള്‍പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.സത്യാനന്തര കാലത്ത് താങ്കളെ ഈ അസത്യം വിശ്വസിപ്പിച്ചവരും തുറന്നുകാട്ടപ്പെടേണ്ടവരാണല്ലോ?

content highlights: anoop balachandran against m swaraj

We use cookies to give you the best possible experience. Learn more