വിലകൂടിയ സമ്മാനങ്ങള്‍ അയക്കുന്ന പേരില്‍ തട്ടിപ്പ്; അജ്ഞാത ഫേസ്ബുക്ക് സൗഹൃദത്തില്‍ കുടുങ്ങി തൃശൂരില്‍ മൂന്ന് പേര്‍ക്ക് നഷ്ടമായത് 60 ലക്ഷം രൂപ
Kerala News
വിലകൂടിയ സമ്മാനങ്ങള്‍ അയക്കുന്ന പേരില്‍ തട്ടിപ്പ്; അജ്ഞാത ഫേസ്ബുക്ക് സൗഹൃദത്തില്‍ കുടുങ്ങി തൃശൂരില്‍ മൂന്ന് പേര്‍ക്ക് നഷ്ടമായത് 60 ലക്ഷം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 10:00 am

തൃശൂര്‍: യൂറോപ്പില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ അയക്കുന്നെന്ന പേരില്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട അജ്ഞാത സുഹൃത്ത് മൂന്ന് പേരില്‍ നിന്ന് തട്ടിയെടുത്തത് 60 ലക്ഷം രൂപ. തൃശൂര്‍ സ്വദേശിനികളായ മൂന്ന് പേരാണ് തട്ടിപ്പിനിരയായത്. തൃശൂര്‍ സിറ്റി സൈബര്‍ സെല്ലിനാണ് ഇവര്‍ പരാതി നല്‍കിയത്.

തട്ടിപ്പിനിരയായ ഒരാള്‍ ഭൂമി വിറ്റും സ്വര്‍ണം പണയംവച്ചും നല്‍കിയാണ് 30 ലക്ഷം രൂപ നല്‍കിയത്. ഫേസ്ബുക്കില്‍ സജീവമാകുന്നവരുടെ പ്രൊഫൈല്‍ നിരീക്ഷിച്ച ശേഷം ഇവര്‍ക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ രീതി.

ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിച്ച് വിശ്വാസം ആര്‍ജിച്ച ശേഷം വാട്‌സ്ആപ് നമ്പര്‍ വാങ്ങിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പിനിരയാക്കുന്നവരുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങള്‍ മനസ്സിലാക്കി യൂറോപ്പില്‍ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.

യൂറോപ്പിലോ, അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടര്‍, ബിസിനസുകാരന്‍, സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമ തുടങ്ങിയ പേരുകളിലാകും ഇവര്‍ സ്വയം പരിചയപ്പെടുത്തുക.

കസ്റ്റംസ് നികുതി ഇനത്തില്‍ 30 ലക്ഷം രൂപ അടയ്ക്കണമെന്ന് പറഞ്ഞാണ് പണം തട്ടിയെടുക്കുന്നത്. തൃശൂര്‍ സ്വദേശിനികളെ കൂടാതെ ഒട്ടേറെപ്പേര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നുണ്ടെന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Anonymous trapped in Facebook friend network; 3 women lost Rs 60 lakh