ന്യൂദല്‍ഹി: ദല്‍ഹി മലയാളികളുടെ സാംസ്‌ക്കാരിക സംഘടനയായ ജനസംസ്‌കൃതിയുടെ 33ാമത് വാര്‍ഷിക സമ്മേളനം തിമാര്‍പൂരില്‍ വെച്ച് നടന്നു. പ്രശസ്ത രാഷ്ട്രീയ സാമൂഹിക വിമര്‍ശകനായ ഹമീദ് ചേന്നമംഗലൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മത രാഷ്ട്രങ്ങളെല്ലാം വരച്ചിട്ട ഒരു വരയിലൂടെ തങ്ങളുടെ ജനത ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണ്. ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നവര്‍ ഹിന്ദു എന്ന പദം തന്നെ പേര്‍ഷ്യക്കാരില്‍ നിന്നും കടമെടുത്തതാണെന്ന് മറന്ന് പോവരുതെന്നും അദ്ദേഹം പറഞ്ഞു.
സീതയും രാമനും രാമായണം വായിക്കുന്നത് വ്യത്യസ്തമായ കോണിലൂടെയാണെന്നും ഒരു മതഗ്രന്ഥവും ആരുടെയും സ്വന്തമല്ലെന്നും വ്യക്തികള്‍ക്ക് എല്ലാവിധ സ്വാതന്ത്രത്തോടെയും വ്യത്യസ്തമായ കോണിലൂടെ മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാമെന്നും എം.എന്‍ വിജയന്‍ മാഷിന്റെ വാക്കുകള്‍ കടമെടുത്ത് കൊണ്ട് അദ്ദേഹം അഭിപ്രായപെട്ടു.
നിങ്ങള്‍ എതിര്‍ത്താലും ഇല്ലെങ്കിലും എം.എന്‍ വിജയന്‍ അനിഷേധ്യനായ ബുദ്ധിജീവിയായിരുന്നു എന്ന് സി.പി.ഐ.എം അനുകൂല സാംസ്‌ക്കാരിക സംഘടനയുടെ സദസിനെ അഭിമുഖീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
“നിര്‍മാല്യം” സിനിമയിലെ വിഗ്രഹത്തിലേക്ക് തുപ്പുന്ന കഥാപാത്രത്തെ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു മതേതര ബോധം മലയാളികള്‍ക്കുണ്ടായിരുന്നു എന്നാല്‍ ഇന്നങ്ങനെ ഒരു സിനിമ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.
ജാതി, മതം എന്ന സ്വത്വത്തിലുപരി ഭാഷ എന്ന സ്വത്വത്തെ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും എല്ലാ ജാതി മത വിഭാഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്വത്വം അതാണെന്ന് പ്രവാസികളായ നിങ്ങള്‍ക്ക് എന്നെക്കാള്‍ നന്നായി അറിയാമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ശാസ്ത്രജ്ഞന്‍മാര്‍ വരെ പുരാണകാലത്തെക്കുറിച്ച് നടത്തുന്ന അബദ്ധ വ്യാഖ്യാനങ്ങള്‍ ദിനം പ്രതി കേള്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ജന സംസ്‌കൃതി എന്ന സംഘടന “Occupy social space” എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കണമെന്നും ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ ജോണ്‍ ബ്രിട്ടാസ്, ജനനാട്യമഞ്ച് കലാകാരന്‍ ശ്രി. ബ്രിജേഷ് മിശ്ര എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സംഘടനയുടെ 23 ബ്രാഞ്ചില്‍ നിന്നായി 250ല്‍ പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ കെ.ശശികുമാര്‍ പ്രസിഡന്റ്, എന്‍.വി. ശ്രീനിവാസ് ജനറല്‍ സെക്രട്ടറി, പ്രസന്ന ദാമോദരന്‍, ബി. അനില്‍ കുമാര്‍ വൈസ് പ്രസിഡന്റുമാര്‍ എം. വി. സുനില്‍, എ.കെ . വിജയന്‍, സിബി എം.എം. എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, വിനോദ് കംമാലത്ത് ട്രഷറര്‍, കെ.കെ. സന്തോഷ് ജോയിന്റ് ട്രഷറര്‍ എന്നിവരടങ്ങുന്ന 34 അംഗ കേന്ദ്ര കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.