തനിക്ക് ഇനിയും കരിക്ക് ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടെന്ന് നടി അന്നു ആന്റണി. ഒരിക്കൽ താൻ കണ്ട പ്രേക്ഷകയുടെ സംസാരം കേട്ടാൽ കരിക്ക് അവരുടെ സ്വന്തമാണെന്ന് തോന്നുമെന്നും ഓരോ തവണ നോക്കുമ്പോഴും കരിക്കിന്റെ കണ്ടന്റുകൾ കാണുന്നവരുടെ എണ്ണം കൂടുന്നത് അത്ഭുതമായി തോന്നിയിട്ടുണ്ടെന്നും അന്നു പറഞ്ഞു. മിർച്ചി മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കരിക്കിലേക്ക് ആദ്യം എന്നെ വിളിക്കുമ്പോൾ ഞാൻ പൂക്കാലം എന്ന ചിത്രം ചെയ്യുകയായിരുന്നു. എനിക്ക് കരിക്ക് ടീമിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. വർക്ക് ചെയ്യാൻ അടിപൊളി ടീമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.
അങ്ങനെ ഒരു ദിവസം ഇവർ എനിക്ക് മെസ്സേജ് അയച്ചു. പ്രിയപ്പെട്ടവൻ പിയുഷ് സംവിധാനം ചെയ്തത് ഗൗതം സൂര്യ എന്ന ആൾ ആണ്. പുള്ളിയുടെ അതിനുമുമ്പുള്ള ഒരു വർക്ക് ഞാൻ കണ്ടിട്ടുണ്ട്. അത് വളരെ ഇൻട്രസ്റ്റിങ് ആയിട്ടുള്ള ഒരു വർക്കാണ്. മൊത്തത്തിൽ സ്ക്രിപ്റ്റൊക്കെ വായിച്ചപ്പോൾ എനിക്ക് താൽപര്യം തോന്നി. കൂടാതെ കരിക്കിന്റെ ടീമും കൂടി ആണല്ലോ. പിന്നെ ഞാൻ ചെയ്യാത്ത ഒരു റോൾ ആണ് എനിക്കതിൽ കിട്ടിയത്. അതായിരുന്നു എന്നെ കൂടുതലും പ്രിയപ്പെട്ടവൻ പിയുഷ് ചെയ്യാൻ പ്രേരിപ്പിച്ചത്.
ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്നു. ചേച്ചി ഇപ്പോൾ കരിക്കിൽ ഉണ്ടല്ലേ എന്ന് ചോദിച്ചു. പുള്ളിക്കാരിയുടെ സംസാരം കണ്ടാൽ തോന്നും കരിക്ക് അവരുടെ ആണെന്ന്. അത്രക്ക് ആകാംക്ഷയോടെയാണ് എന്നോട് സംസാരിച്ചത്. കരിക്ക് നമ്മുടെയാണ് എന്നപോലെ ആയിരുന്നു അവർക്ക്.
എനിക്ക് തോന്നുന്നു സിനിമയേക്കാൾ ആളുകൾക്ക് ഇഷ്ടം കരിക്കിന്റെ കണ്ടന്റുകൾ ആണ്. ഒരു കണ്ടന്റ് ഇട്ട് കഴിഞ്ഞാൽ പെട്ടെന്ന് വ്യൂസ് കയറും. ഞാൻ ഒന്ന് റിഫ്രഷ് ചെയ്തിട്ട് പെട്ടെന്ന് ഒന്നുകൂടി റിഫ്രഷ് ചെയ്തപ്പോൾ എത്ര പെട്ടെന്നാണ് കാഴ്ചക്കാരുടെ എണ്ണം കൂടുന്നത്. ഞാൻ ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ല. ഇത് കൊള്ളാല്ലോ എന്ന് തോന്നി. എന്നെ ഇനിയും വിളിക്കുമോയെന്ന് എനിക്ക് ചോദിക്കണമെന്നുണ്ട്.
അതേസമയം ജോമി കുരിയാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മേഡ് ഇൻ കാരവാൻ ആണ് അന്നുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇന്ദ്രൻസ്, പ്രിജിൽ ജെ. ആർ, മിഥുൻ രമേശ്, അൻസൺ പോൾ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.