തിയേറ്ററില്‍ കരയുന്ന കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയാണ്. സിനിമക്ക് പോകുമ്പോള്‍ ചെറിയ കുട്ടികള്‍ കരഞ്ഞും ബഹളം വെച്ചും സിനിമയുടെ ആസ്വാദനം നഷ്ടപ്പെട്ടതിന്റെ അനുഭവകുറിപ്പുകള്‍ സഹിതമാണ് പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ബഹളം വെക്കുന്ന കുട്ടികള്‍ തിയേറ്ററില്‍ ന്യൂയിസന്‍സ് ആണോ എന്ന് ചോദിച്ചാല്‍ നൂറ് ശതമാനം അതെ എന്ന് തന്നെയാണ് ഉത്തരമെന്നും തിയേറ്ററുകളില്‍ കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ അതിലും ഉറക്കെ രക്ഷിതാക്കള്‍ യൂട്യൂബില്‍ വീഡിയോ വെച്ച് കൊടുക്കാറുണ്ടെന്നും ചിലര്‍ പരാതി പങ്കുവെക്കുന്നു.
കരയുന്ന കുഞ്ഞിനെ ‘ഓ..ഓ..’ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് സീറ്റില്‍ നിന്ന് പൊങ്ങാതെ ബഹളത്തോടെ ഇരിക്കുന്ന മനുഷ്യരോട് ‘ദയവ് ചെയ്ത് ശബ്ദമുണ്ടാക്കാതിരിക്കൂ, നിങ്ങള്‍ക്ക് കണ്ട്രോള്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ പുറത്തേക്ക് പോകൂ, സോറി,’ എന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മയല്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.
സിനിമ കാണുന്ന വലിയവരോട് മാത്രമല്ല, കുഞ്ഞുങ്ങളോടും ചെയ്യുന്ന ക്രൂരതയാണ് ഇത്. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുവാവകളെ നല്ല തണുപ്പില്‍ ഇരുട്ടുമുറിയില്‍ വെടി പൊട്ടുന്ന പോലുള്ള ശബ്ദത്തിന് നടുവില്‍ രണ്ട്-രണ്ടര മണിക്കൂര്‍ ഒരേ പൊസിഷനില്‍ കഴിയാന്‍ നിര്‍ബന്ധിക്കുന്നത് എന്ത് മനുഷ്യത്വം ഇല്ലായ്മയാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
കുട്ടികളുള്ളവര്‍ കെയര്‍ടേക്കേഴ്‌സിനെയോ ബന്ധുക്കളെയോ കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചതിന് ശേഷം തിയേറ്ററുകളിലേക്ക് വരണമെന്നും അഭ്യര്‍ത്ഥനകളുണ്ട്. എന്നാല്‍ കുഞ്ഞിനെ നോക്കാന്‍ ആളുകള്‍ ഉള്ള / കുഞ്ഞുങ്ങള്‍ ഇല്ലാത്ത ‘പ്രിവിലേജ് ഉള്ളവര്‍’ ആണ് തിയേറ്ററില്‍ കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അസ്വസ്ഥര്‍ ആകുന്നത് എന്നാണ് മറുവാദക്കാര്‍ പറയുന്നത്. കുഞ്ഞിനെ അമ്മക്കും അച്ഛനും മാറിമാറിനോക്കാമെന്നും അപ്പോള്‍ ‘അമ്മയുടെ’ മാത്രം ഉത്തരവാദിത്തമായി അത് മാറുന്നില്ലെന്നും ഇതിന് മറുപടി പറയുന്നവരുമുണ്ട്.
കെയര്‍ടേക്കേഴ്‌സിനെ വെക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തവര്‍ക്ക് മറ്റെന്തെങ്കിലും സൗകര്യങ്ങളോ പദ്ധതികളോ സാമൂഹികക്ഷേമ വകുപ്പും ബന്ധപ്പെട്ട സ്ഥാപനങ്ങളോ ചെയ്തുകൊടുക്കണമെന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്ന സംഘടനകള്‍ ഇക്കാര്യം കൈകാര്യം ചെയ്യണമെന്നും ചില സജഷനുകളുണ്ട്.
ഒരു തിയേറ്ററിലോ പ്രസംഗം നടക്കുന്നിടത്തോ തീരേ ചെറിയ കുഞ്ഞ് കരഞ്ഞാല്‍ വാവയെ പുറത്തെടുത്ത് കൊണ്ട് പോയി സമാധാനിപ്പിക്കുന്നതും, അല്‍പം കൂടി വലുതായ കുട്ടി വികൃതി കാണിച്ചാല്‍ പുറത്ത് വിളിച്ചു കൊണ്ടു പോയി കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് തിരിച്ച് കൊണ്ട് വരുന്നതും മാനേഴ്‌സ് പഠിപ്പിക്കുന്ന പ്രോസസിന്റെ ഭാഗമാണെന്നും അതുവഴി മറ്റുള്ളവരുടെ സ്പേസ് കൂടെ മാനിക്കുന്നതെങ്ങനെ എന്ന് ഉദാഹരണസഹിതം കാണിച്ച് കൊടുക്കുന്നതും അതത് സ്ഥലങ്ങളില്‍ കൊണ്ടുപോയിത്തന്നെയാണെന്നും കുറിപ്പുകളുണ്ട്.
അതേസമയം കുട്ടികള്‍ മാത്രമല്ല അസ്വസ്ഥതപ്പെടുത്തുന്നതെന്നും വര്‍ത്തമാനം പറഞ്ഞും ഫോണിന്റെ സ്‌ക്രീന്‍ ഓണാക്കിയും മുതിര്‍ന്നവരും ശല്യങ്ങളാവാറുണ്ടെന്നും സിനിമ തുടങ്ങി കഴിഞ്ഞു മാത്രം കയറി വന്നു മുന്നിലൂടെ സീറ്റ് നോക്കി നടക്കുന്നവരും ബാക്കി കാഴ്ചക്കാരുടെ ആസ്വാദനം മുഴുവന്‍ കളയുകയാണെന്നും കുറിപ്പുകള്‍ പറയുന്നു.