| Saturday, 5th August 2023, 1:32 pm

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികം; മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കിലില്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷിക ദിനത്തിലാണ് നടപടി. ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സെമിനാര്‍ നടത്താന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അധികാരികള്‍ അത് നിരസിക്കുകയും പിന്നാലെ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയുമായിരുന്നു.

മെഹ്ബൂബ മുഫ്തി തന്നെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘മുതിര്‍ന്ന പി.ഡി.പി നേതാക്കളെയും എന്നെയും ഇന്ന് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ സംഭവിച്ച അക്രമത്തിന്റെ ഭാഗമായാണ് തടങ്കലിലാക്കിയിരിക്കുന്നത്. എന്റെ നിരവധി പാര്‍ട്ടിക്കാരെ നിയമവിരുദ്ധമായി പൊലീസ് സ്റ്റേഷനുകളില്‍ തടങ്കലിലാക്കിയിട്ടാണുള്ളത്.

ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായി റദ്ദാക്കിയത് ആഘോഷിക്കാന്‍ കശ്മീരികളോട് ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ജനങ്ങളെ ശ്വാസം മുട്ടിക്കാന്‍ വേണ്ടി മറുവശത്ത് അധികാരം ഉപയോഗിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ സുപ്രീം കോടതി ഇപ്പോള്‍ നടന്ന സംഭവങ്ങളും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ മെഹ്ബൂബ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായി റദ്ദാക്കിയതിന്റെ ആഘോഷത്തിനായി ബി.ജെ.പിയെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഫ്തി ആരോപിച്ചിരുന്നു.

‘ആഗസ്റ്റ് അഞ്ചിന് പി.ഡി.പി നേതാക്കളെ കസ്റ്റഡിയിലെടുക്കുമോ? ആരിഫ് ലൈഗ്രോവിനെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആഘോഷിക്കുവാനും ബി.ജെ.പിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ പൊതുജനങ്ങളെ കബളിപ്പിക്കുകയാണ്,’ അവര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാമത്തെ വാര്‍ഷികമായ ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സെമിനാർ സംഘടിപ്പിക്കാന്‍ പി.ഡി.പി അനുമതി തേടിയെങ്കിലും ശ്രീനഗര്‍ ഭരണകൂടം അനുവദിച്ചില്ലെന്ന് പി.ഡി.പി വക്താവ് പറഞ്ഞു.

പി.ഡി.പി ആസ്ഥാനത്തിന് സമീപമുള്ള ഷേര്‍-ഇ-കശ്മീര്‍ പാര്‍ക്കില്‍ നടത്താന്‍ ഉദ്ദേശിച്ച പരിപാടിയിലേക്ക് കശ്മീരില്‍ നിന്ന് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളെ ക്ഷണിച്ചതായി പി.ഡി.പി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഒരു കാരണവുമില്ലാതെ അനുമതി നിഷേധിച്ചതെന്ന് പി.ഡി.പി ആരോപിക്കുന്നു. അതേസമയം ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും പി.ഡി.പി പറഞ്ഞു.

മുന്‍ മന്ത്രിമാരായ അബ്ദുള്‍ റഹ്മാന്‍ വീരി, നയീം അക്തര്‍, ആസിയ നകാഷ്, പി.ഡി.പി ജനറല്‍ സെക്രട്ടറി ഗുലാം നബി ലോണ്‍ ഹഞ്ജുറ, മെഹബൂബ് ബേഗ്, ജില്ലാ പ്രസിഡന്റ് ബുദ്ഗാം മുഹമ്മദ് യാസിന്‍ ഭട്ട് എന്നിവരെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ആസ്ഥാനവും സീല്‍ ചെയ്തിട്ടുണ്ടെന്ന് ജെ.കെ.എന്‍.സി അറിയിച്ചു. ആരെയും അകത്തേക്കും പുറത്തേക്കും പോകാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു. ഈ നടപടികള്‍ കഴിഞ്ഞ നാല് വര്‍ഷത്തെ മികവിനെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങളെ പൊള്ളയാക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞു.

content highlights: Anniversary of repeal of Article 370; Mehbooba Mufti is also under house arrest

We use cookies to give you the best possible experience. Learn more