Entertainment
കുലസ്ത്രീ എന്നൊക്കെ പരിഹസിക്കുന്നവര്‍ പരിഹസിച്ചോട്ടെ, അതൊന്നും എനിക്ക് പ്രശ്നമേയല്ല: ആനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 02:17 am
Friday, 14th February 2025, 7:47 am

1993 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് ആനി. മൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന തന്റെ കരിയറില്‍ പതിനാറോളം സിനിമകളിലാണ് ആനി അഭിനയിച്ചത്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറി.

കുലസ്ത്രീ എന്നൊക്കെ പരിഹസിക്കുന്നവര്‍ പരിഹസിച്ചോട്ടെ. അതൊന്നും എനിക്ക് പ്രശ്നമേയല്ല – ആനി

അഭിനയ ജീവിതത്തിന്റെ തിരക്കുകളില്‍ നില്‍ക്കുമ്പോഴായിരുന്നു 1996ല്‍ ആനി സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്യുന്നതും സിനിമാ ലോകത്ത് നിന്ന് മാറി നില്‍ക്കുന്നതും. ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകയായി ആനി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

തന്റെയും പങ്കാളി ഷാജി കൈലാസിന്റെയും പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് ആനി. രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നതെന്നും സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഭയങ്കര സ്ട്രിക്ടാണെന്നും ആനി പറയുന്നു. ഷാജി കൈലാസ് കൂടെയുണ്ടെങ്കില്‍ തനിക്ക് ആത്മവിശ്വാസം ഉണ്ടാകുമെന്നും ആനി പറഞ്ഞു.

കുലസ്ത്രീ എന്നൊക്കെ തന്നെ പറഞ്ഞു തന്നെ പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെയെന്നും അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയോട് സംസാരിക്കുകയായിരുന്നു ആനി.

‘പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പക്ഷേ, അത് തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോഴും ആ പ്രണയം ഒരു തരിപോലും കുറഞ്ഞിട്ടില്ല. സ്റ്റില്‍ ഐ ലവ് ഹിം. അതിനും മുകളില്‍ ഒന്നുമില്ല എനിക്ക്. ഞാനും ഏട്ടനും രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. എന്റെ രണ്ടാമത്തെ സിനിമ.

സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഭയങ്കര സ്ട്രിക്ടാണ്. കളിതമാശകളൊന്നും പറയുന്നത് കണ്ടിട്ടില്ല. അതിനിടയില്‍ എപ്പോഴാണ് പ്രണയം തോന്നിയതെന്ന് അറിയില്ല. ഒരുപക്ഷേ, ഞങ്ങള്‍ സോള്‍മേറ്റ്‌സ് ആയിരുന്നിരിക്കാം.

ഏട്ടന്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് നൂറുശതമാനം ആത്മവിശ്വാസം ഉണ്ടാകും. ഏട്ടനാണ് എന്റെ ധൈര്യം.

ആ ലോകത്തില്‍ മതിമറന്ന് ജീവിക്കുന്നയാളാണ് ഞാന്‍, കുലസ്ത്രീ എന്നൊക്കെ പരിഹസിക്കുന്നവര്‍ പരിഹസിച്ചോട്ടെ. അതൊന്നും എനിക്ക് പ്രശ്നമേയല്ല,’ ആനി പറയുന്നു.

Content highlight: Annie says her husband give her self confidence