ന്യൂദല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയവര്‍ക്ക് സമയബന്ധിതമായി നീതിലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സി.പി.ഐ നേതാവ് ആനി രാജ.
അത്തരത്തില്‍ നീതി ഉറപ്പാക്കുമ്പോള്‍ അത് കൃത്യമാണെന്ന് ബാധിക്കപ്പെട്ടവര്‍ക്ക് കൂടി ബോധ്യമാകുന്ന രീതിയില്‍ ആയിരിക്കണമെന്നും ആനി രാജ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ആനി രാജ പറയുകയുണ്ടായി.
അതിജീവിതകള്‍ക്ക് നീതി ഉറപ്പ് നല്‍കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ പറഞ്ഞു. ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലും ഒരു കമ്മ്യൂണിസ്റ്റ്-വനിതാ പ്രവര്‍ത്തകയെന്ന നിലയിലും താന്‍ അതിജീവിതകള്‍ക്കൊപ്പമാണ്.
ലൈംഗികാതിക്രമ ആരോപണങ്ങള്‍ പോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍ ഇടതുപക്ഷം സ്ത്രീപക്ഷത്താണ് നില്‍ക്കുക. കമ്മ്യൂണിസത്തിന്റെ പക്ഷമതാണെന്നും മറ്റുള്ളവര്‍ എന്ത് ചെയ്തു എന്ന് നോക്കിയല്ല ഇടതുപക്ഷം നടപടിയെടുക്കേണ്ടതെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷം രാജ്യത്തെ മറ്റുള്ളവര്‍ക്ക് മാതൃകയായി നിന്നിട്ടുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം പുലര്‍ത്തുന്നുവെന്നും ആനി രാജ വ്യക്തമാക്കി. നീതി നടപ്പിലാക്കുമ്പോള്‍ അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് നീതി ഉറപ്പാക്കുന്നുവെന്ന് ബോധ്യപ്പെടണമെന്നും ആനി രാജ ഊന്നിപ്പറഞ്ഞു.
എം.എല്‍.എ മുകേഷ് രാജിവെക്കണമെന്ന ആവശ്യത്തില്‍ സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതികരിച്ചതിന് പിന്നാലെയാണ് ആനി രാജയുടെ പരാമര്‍ശം. ആരോപണം നേരിട്ട മന്ത്രിമാര്‍ ആ സ്ഥാനം രാജിവെച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ലൈംഗികാതിക്രമ കേസില്‍ മുകേഷിന് ഒരു വിധത്തിലുമുള്ള ആനുകൂല്യവും ഉണ്ടാകില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
അതേസമയം ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആനി രാജ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആനി രാജയുടെ നിലപാട് തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.
കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നായിരുന്നു പ്രതികരണം. തുടര്‍ന്നുണ്ടായ പരസ്യ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ബിനോയ് ബിശ്വത്തിന് തന്റെ നിലപാടില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരുകയും ചെയ്തു.
Content Highlight: Annie raja says those on the left are not the ones to act based on what others have done