|

സിംഗൂര്‍-നന്ദിഗ്രാം വിഷയം ചോദ്യം ചെയ്തതിന് സി.പി.ഐ.എം എന്നെ ഇടതുവിരുദ്ധയാക്കി ചിത്രീകരിച്ചു: ആനി രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗാളില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്തുണ്ടായ സിംഗൂര്‍-നന്ദിഗ്രാം വിഷയത്തില്‍ സി.പി.ഐ.എം തന്നെ ഇടത് വിരുദ്ധയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് സി.പി.ഐ ദേശീയ നേതാവ് ആനിരാജ. ആ സമയത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ താന്‍ അവര്‍ക്കൊപ്പം നിന്നെന്നും എന്നാല്‍ അത് സി.പി.ഐ.എം നേതൃത്വത്തിന് അതൃപ്തി ഉണ്ടാക്കിയെന്നും മലയാള മനോരമയുടെ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ആനിരാജ പറഞ്ഞു.

ആനിരാജ ദേശീയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറിയായിരുന്ന സമയത്ത് സിംഗൂര്‍-നന്ദിഗ്രാം സമരകാലത്ത് സ്ത്രീകള്‍ നേരിട്ട  അതിക്രമങ്ങള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ അയച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം സി.പി.ഐ.എം നേതൃത്വത്തിന് അതൃപ്തി ഉണ്ടാക്കിയതായി ആനിരാജ പറയുന്നു. സമരമുഖത്ത് സ്ത്രീകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ മഹിളാ ഫെഡറേഷന്‍ നിയോഗിച്ച സമിതി ശ്രമിച്ചതോടെ താന്‍ ഇടത് വിരുദ്ധ ആണെന്ന തരത്തില്‍ സി.പി.ഐ.എമ്മില്‍ ചര്‍ച്ചയുണ്ടായെന്നും ആനിരാജ പറഞ്ഞു.

ഒടുവില്‍ താന്‍ അനുനയിക്കാന്‍ കൂട്ടാക്കാതിരുന്നതോടെ ഡി.രാജയോട് തന്നോട് ഇക്കാര്യം സംസാരിക്കാന്‍ സി.പി.ഐ.എം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്നെ തിരുത്തുന്നതിന് പകരം നേതൃത്വത്തിന്റെ തീരുമാനം അറിയിക്കുക മാത്രമാണ് ചെയ്തത്.

ഒടുവില്‍ അന്നത്തെ സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട് എന്നിവര്‍ താന്‍ ഇടത് വിരുദ്ധശക്തികളുടെ കൂടെയാണെന്ന തരത്തില്‍ തനിക്ക് കത്തെഴുതിയെന്നും ആനിരാജ പറഞ്ഞു.

ഒടുവില്‍ പാര്‍ട്ടി നേതൃത്വം തന്നെ വിളിച്ച് എന്താണ് നന്തിഗ്രാമിലെയും സിംഗൂരിലെയും പ്രശ്‌നമെന്ന് ചോദിച്ചെന്നും എന്നാല്‍ താന്‍ ഒരു മറുചോദ്യം ചോദിച്ചതോടെ പ്രശ്‌നത്തിന്റെ ഗൗരവം പാര്‍ട്ടിക്ക് മസ്സിലായെന്നും ആനിരാജ പറയുന്നു. ‘ഗുജറാത്ത് കലാപത്തില്‍ ഒരുപാട് ബലാത്സംഗങ്ങള്‍ ഉണ്ടായി, അതിനെ പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു.

അതിനെ എങ്ങനെ അംഗീകരിക്കാന്‍ സാധിക്കുമെന്ന് സഖാവ് ബര്‍ദന്‍ തിരിച്ച് ചോദിച്ചു.  ഇത് പാര്‍ട്ടി ലൈന്‍ അല്ലേ എന്ന് ഞാന്‍ ചോദിച്ചതോടെ അതെയെന്ന് അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ ആ പാര്‍ട്ടി ലൈന്‍ അംഗീകരിക്കുക മാത്രമാണ് ഞാന്‍ ചെയ്തതെന്നെും ബലാത്സംഗം ഗുജറാത്തിലായാലും ബംഗാളിലായാലും ബലാത്സംഗം ആണന്നെും ഞാന്‍ മറുപടി നല്‍കി,’ ആനിരാജ പറഞ്ഞു.

പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അവസാനമിട്ട് തൃണമൂല്‍ സര്‍ക്കാരിന് അധികാരം നേടിക്കൊടുത്ത സംഭവമാണ് നന്ദിഗ്രാം-സിംഗൂര്‍ കര്‍ഷക സമരം. അന്നത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ ആയ നാനോകാര്‍ നിര്‍മിക്കുന്നതിനായി ബംഗാളിലെ 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് ടാറ്റയ്ക്ക് വാഗ്ദാനം നല്‍കി. പ്ലാന്റുകള്‍ നിര്‍മ്മിക്കാനായി സിംഗൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിനെതിരെ തങ്ങളുടെ കൃഷിഭൂമി അനധികൃതമായി വ്യാവസായിക സ്വത്താക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആക്ടിവിസ്റ്റുകളായ മേധാ പട്കര്‍, എഴുത്തുകാരി അരുന്ധതി റോയി, മഹാശ്വേതാ ദേവി എന്നിവരും സമരത്തില്‍ ചേര്‍ന്നു.
കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് തോല്‍വി ഏറ്റുവാങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇതൊരു രാഷ്ട്രീയ ആയുധമാക്കിമാറ്റി കര്‍ഷകര്‍ക്കൊപ്പം നിന്നു. സമരത്തിനിടെ സ്ത്രീകള്‍ക്കെതിരെ വ്യാപകമായ അതിക്രമങ്ങള്‍ നടന്നതായി പിന്നീട് പുറത്ത് വന്നു. ഇതോടെ ടാറ്റ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഇതിന് പിന്നാല നന്ദിഗ്രാമില്‍ ഇന്തോനേഷ്യന്‍ കമ്പനിയായ സലിം ഗ്രൂപ്പുമായി ചേര്‍ന്ന് കെമിക്കല്‍ ഹബ്ബ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെയും പ്രതിഷേധം ഉണ്ടായി. ഗ്രാമവാസികള്‍ സി.പി.ഐ.എം പ്രവര്‍ത്തകരുമായി 2007 ജനുവരി 2 ന് ഏറ്റുമുട്ടി. അക്രമത്തില്‍ ആറോളം കര്‍ഷകര്‍ കൊല്ലപ്പെട്ടു.

Content Highlight: Annie Raja says CPI(M) portrayed me as anti-left for questioning the Singur-Nandigram issue