| Friday, 3rd May 2024, 9:30 am

രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റിനെ കുറിച്ച് വയനാട്ടിലെ ജനങ്ങളോട് മറച്ചുവെച്ചതെന്തിനെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം: ആനി രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റായ്ബറേലിയെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐ നേതാവ് ആനി രാജ. രാഹുല്‍ ഗാന്ധി രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്നു എങ്കില്‍ അത് നേരത്തെ തന്നെ ജനങ്ങളോട് പറയേണ്ടിയിരുന്നു എന്ന് ആനി രാജ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ കുറിച്ച് വോട്ടര്‍മാര്‍ അറിയുക എന്നതാണ് ജനാധിപത്യത്തിലെ മര്യാദ. എന്നാല്‍ വയനാട്ടിലെ ജനങ്ങളോട് എന്തിനാണ് ഇക്കാര്യം മറച്ചുവെച്ചത് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കണമെന്നും ആനി രാജ പറഞ്ഞു.

ജനാധിപത്യത്തില്‍ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കാമെന്നും അത് രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും തീരുമാനമാണെന്നും ആ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും ആനി രാജ പറഞ്ഞു. രണ്ട് സീറ്റുകളിലും ജയിക്കുകയാണെങ്കില്‍ ഒന്ന് രാജിവെക്കേണ്ടി വരുമെന്നും അത് രാജിവെക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്നും ആനി രാജ പറയുന്നു.

‘ഇത് ജനാധിപത്യമാണ്. ജനാധിപത്യത്തില്‍ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കാം. അത് അദ്ദേഹത്തിന്റെയും ആ പാര്‍ട്ടിയുടെയും തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നു. ഇക്കാര്യം വയനാട്ടിലെ വോട്ടര്‍മാരോട് മറച്ചുവെച്ചു എന്നതിലുപരി അദ്ദേഹം രണ്ട് സീറ്റില്‍ മത്സരിക്കുമ്പോള്‍ രണ്ടിടത്തും ജയിച്ചാല്‍ ഒന്ന് രാജിവെക്കേണ്ടി വരും. അത് രാജിവെക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മാരോട് ചെയ്യുന്ന നീതികേടാകും.

ഇങ്ങനെ മത്സരിക്കുന്നുണ്ട് എങ്കില്‍ അത് നേരത്തെ തന്നെ ജനങ്ങളോട് തുറന്നു പറയേണ്ടതായിരുന്നു. ജനാധിപത്യത്തിലെ മര്യാദയെന്നത് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ജനങ്ങള്‍ അറിയുക എന്നത് കൂടിയാണ്. എന്തിനാണ് ഇക്കാര്യം മറച്ചുവെച്ചത് എന്നത് കോണ്‍ഗ്രസാണ് വ്യക്തമാക്കേണ്ടത്,’ ആനി രാജ പറഞ്ഞു.

ഏറെനാളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. പരമ്പരാഗതമായി നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശില റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

നേരത്തെ രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്ന അമേഠിയില്‍ കെ.എല്‍ ശര്‍മയും, നേരത്തെ സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കും. ഇത് സംബന്ധിച്ച വാര്‍ത്തകുറിപ്പ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പുറത്തിറക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇരുവരും ഇന്നു തന്നെ പത്രിക സമര്‍പ്പിക്കും.

content highlight: Annie Raja’s reaction to Rahul Gandhi’s candidacy in Rae Bareli

Latest Stories

We use cookies to give you the best possible experience. Learn more