| Tuesday, 26th January 2021, 7:05 pm

സിംഗുവിലും തിക്രിയിലും അക്രമമുണ്ടായില്ല, എന്തുകൊണ്ട് ഐ.ടി.ഒയില്‍ മാത്രം സംഘര്‍ഷമുണ്ടായി?; ആനി രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി സമാധാനപരമായിരുന്നുവെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. എന്തുകൊണ്ടാണ് ഐ.ടി.ഒയില്‍ മാത്രം സംഘര്‍ഷമുണ്ടായത്? സിംഗുവിലും തിക്രിയിലും എന്തുകൊണ്ട് സംഘര്‍ഷമുണ്ടായില്ലെന്നും ആനി രാജ ചോദിച്ചു.

സമാധാനപരമായി നടന്ന സമരത്തില്‍ അക്രമികള്‍ നുഴഞ്ഞുകയറിയോ എന്ന കാര്യം അന്വേഷിക്കണമെന്നും ആനി രാജ പറഞ്ഞു.

സമരത്തിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും രംഗത്തെത്തിയിരുന്നു. സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ സമരമുഖം ഏറെ വേദനിപ്പിക്കുന്നു. ചില ഭാഗങ്ങളില്‍ അക്രമം ഉണ്ടായത് അംഗീകരിക്കാനാവില്ല. സമാധാനപരമായി സമരം നടത്തിയ കര്‍ഷകരുടെ പേരാണ് ഈ ആരോപണം കെടുത്തുന്നത്. എല്ലാ കര്‍ഷക നേതാക്കളും ഉടന്‍ തന്നെ ദല്‍ഹി വിട്ട് അതിര്‍ത്തിയിലേക്ക് മടങ്ങിയെത്തണം, അമരീന്ദര്‍ സിംഗ് പറഞ്ഞു.

നേരത്തെ കര്‍ഷക സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ന്ന് ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.

എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചുവെന്നും ആ വെടിവെപ്പിലാണ് ട്രാക്ടര്‍ മറിഞ്ഞതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകരാണ് ദല്‍ഹിയിലെത്തിയത്. ആയിരക്കണക്കിന് ട്രാക്ടറുകള്‍ പരേഡിന്റെ ഭാഗമായി അണിനിരന്നിരുന്നു.

5000 ട്രാക്ടറുകള്‍ക്കാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലേറെ ട്രാക്ടറുകള്‍ പ്രതിഷേധ റാലിക്കെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഘടനകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ റാലിക്കെത്തിയിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Annie Raja Response In Delhi Kisan Tractor Rally

We use cookies to give you the best possible experience. Learn more