| Saturday, 4th September 2021, 7:28 pm

പൊലീസിലെ ആര്‍.എസ്.എസ് ഗ്യാങ്; ആനി രാജയുടെ വിമര്‍ശനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ വിമര്‍ശനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജയുടെ വിമര്‍ശനം എന്ത് അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘അവര്‍ (ആനി രാജ) ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകയാണ്. ആ നിലയ്ക്ക് എന്തെങ്കിലും വിവരം ലഭിച്ചതിനാലാകും അങ്ങനെ പറഞ്ഞത്,’ മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ആനി രാജ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞിരുന്നു.

പൊലീസിന്റെ അനാസ്ഥ മൂലം മരണങ്ങള്‍ വരെ ഉണ്ടാവുന്നു. ദേശീയതലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പൊലീസിന്റെ നയം.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അങ്ങേയറ്റം ജാഗ്രതയോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ആ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയില്‍ കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുകയുണ്ടായി.

അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നത്. ആ സമയത്ത് കൂടുതല്‍ ശക്തിയോടെ ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജണ്ട വെച്ചുകൊണ്ട് പൊലീസ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്നായിരുന്നു ആനി രാജ പറഞ്ഞത്.

അതേസമയം ആനി രാജയുടെ പരാമര്‍ശം സി.പി.ഐ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാരും പൊലീസിനെ സംബന്ധിച്ചിട്ട് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും കേരളത്തിലെ പാര്‍ട്ടിക്കും അങ്ങനെയൊരു വിമര്‍ശനം ഇല്ലെന്നും കാനം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Annie Raja Pinaray Vijayan Kerala Police RSS Gang

We use cookies to give you the best possible experience. Learn more