കൊല്ലം: കൊല്ലം എം.എല്‍.എയും നടനുമായ എം. മുകേഷിനെതിരെ ലൈംഗിക അതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യവുമായി സി.പി.ഐ നേതാവ് ആനി രാജ.
മുകേഷ് സ്വമേധയാ സ്ഥാനത്ത് നിന്ന് മാറി നിന്ന് നിക്ഷ്പക്ഷമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നാണ് ആനി രാജ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം സ്വമേധയാ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആനി രാജ ആവശ്യപ്പെടുന്നു.
മരട് പൊലീസാണ് മുകേഷിനെതിരെ കൊച്ചിയിലെ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
മുകേഷിനെതിരെ മൂന്ന് പേരാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. അതില്‍ ഒരാളുടെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നേരത്തെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
പിന്നാലെയാണ് ഇപ്പോള്‍ എല്‍.ഡി.എഫിലെ തന്നെ പ്രബല കക്ഷിയായ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജയും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത് സര്‍ക്കാറിന് ഇടത് മുന്നണിക്കും മേല്‍ മുകേഷിന്റെ രാജിക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും.
മുകേഷിനെതിരെ സി.പി.ഐ.എമ്മിനകത്ത് തന്നെ രണ്ട് അഭിപ്രായമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. സി.പി.ഐ.എം സൈബര്‍ സ്‌പേസുകളില്‍ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
മുകേഷിന്റെ മുന്‍ പങ്കാളി നിലവിലെ സര്‍ക്കാറിലെ ആരോഗ്യ ശിശുക്ഷമ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് അവര്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു കാലത്ത് നല്‍കിയ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെ മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത്. മുകേഷില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നിട്ടുള്ള ക്രൂരമായ ഗാര്‍ഹിക പീഡിനങ്ങള്‍ ഉള്‍പ്പടെ ആ അഭിമുഖത്തില്‍ സരിത തുറന്നു പറയുന്നുണ്ട്.
അേതസമയം നടിയുടെ പരാതിയില്‍ മുകേഷിന് പുറമെ മറ്റു നാല്് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
നോബിള്‍ ഒഴികെയുള്ള എല്ലാവര്‍ക്കുമെതിരെ ലൈംഗികാതിക്രമത്തിന് കേസുണ്ട്. നോബിളിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുളാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖ് എന്നിവര്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജി വെച്ചിരുന്നു.
പിന്നാലെ കൂടുതല്‍ നടന്‍മാര്‍ക്കെതിരെയും അമ്മ ഭാരവാഹികള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അമ്മയുടെ പുതിയ കമ്മിറ്റിയെ പൂര്‍ണമായും പിരിച്ചുവിടുന്ന സാഹചര്യവുമുണ്ടായി.
content highlights: Annie Raja demands Mukesh’s resignation; Pressure on CPIM