| Tuesday, 18th June 2024, 9:08 am

സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാന്‍ ചില പുരുഷന്‍മാര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല; കെ.സി. വേണുഗോപാലിനെതിരെ ആനി രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആനിരാജ വയനാട്ടില്‍ മത്സരിച്ചത് കുടുംബാധിപത്യമാണെന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സി.പി.ഐ നേതാവ് ആനി രാജ. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ ഭാര്യ ആയത് കൊണ്ടല്ല താന്‍ മത്സരിച്ചതെന്ന് ആനി രാജ മറുപടി നല്‍കി.

‘കേരളത്തില്‍ സി.പി.ഐയുടെ നേതാവായി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരുമിച്ച് ഒരു കുടുംബമാകാന്‍ ഞാനും ഡി. രാജയും തീരുമാനിച്ചത്. സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാന്‍ ചില പുരുഷന്‍മാര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല എന്നതാണ് ഈ രാജ്യത്തിന്റെ ഗതികേട്.
ഞാന്‍ സി.പി.ഐയുടെ ദേശീയ നിര്‍വാഹ സമിതി അംഗമാണ്. അതില്‍ ഞാന്‍ അംഗമായത് ഡി. രാജയുടെ ഭാര്യ ആയത് കൊണ്ടല്ല. 45 വര്‍ഷമായി സി.പി.ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അങ്ങനെയുള്ള എന്റെ കഴിവിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവിന് സാധിക്കുന്നില്ലെങ്കില്‍ അത് ആ പാര്‍ട്ടിയുടെ ദുരന്തമാണ്,’ ആനി രാജ പാറഞ്ഞു.

സി.പി.ഐ ജനറല്‍ സെക്രട്ടറിയുടെ ഭാര്യ ആയത് കൊണ്ടാണ് ആനി രാജ വായനാട്ടില്‍ മത്സരിച്ചതെന്നാണ് കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാല്‍ പറഞ്ഞത്. ഈ പ്രസ്താവനക്കാണ് ആനി രാജ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം, വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെ ആനി രാജ സ്വാഗതം ചെയ്യുകയും ചെയ്തു. ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ആനി രാജ പറഞ്ഞു. എന്നാല്‍ വയനാട്ടില്‍ താന്‍ വീണ്ടും മത്സരിക്കണമോ എന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.

പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത് ആദ്യമായാണ്. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലി നിലനിർത്താൻ രാഹുൽ ​ഗാന്ധി തീരുമാനിച്ചത്. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ രാഹുല്‍ തീരുമാനിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഒഴിയുകയാണെങ്കില്‍ പ്രിയങ്ക ​ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ എ.ഐ.സി.സിയെ അറിയിച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടര്‍മാരും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം.

Content Highlight: Annie Raja against K.C. Venugopal

Latest Stories

We use cookies to give you the best possible experience. Learn more