| Thursday, 21st November 2024, 11:01 am

ക്രിസ്റ്റഫര്‍ നോളന്റെ സെറ്റില്‍ കസേരകള്‍ ഉണ്ടാകില്ല; അദ്ദേഹം ഇരിക്കാന്‍ അനുവദിക്കില്ല: ആനി ഹാത്ത്‌വേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്റ്റഫര്‍ നോളന്റെ സെറ്റില്‍ കസേരകള്‍ ഉണ്ടാകില്ലെന്ന് പറയുകയാണ് നടി ആനി ഹാത്ത്‌വേ. നോളന്‍ സെറ്റില്‍ കസേരകള്‍ അനുവദിക്കില്ലെന്നാണ് നടി പറയുന്നത്. തന്റെ ഒപ്പം ലെസ് മിസറബിള്‍സ് എന്ന സിനിമയില്‍ അഭിനയച്ച ഹ്യൂ ജാക്ക്മാനുമായുള്ള അഭിമുഖത്തിനിടെയാണ് ആനി ഹാത്ത്‌വേ ഈ കാര്യം പറഞ്ഞത്.

‘അത് വളരെ സിമ്പിളായ കാര്യമാണ്. സെറ്റില്‍ കസേരയുണ്ടെങ്കില്‍ ആളുകള്‍ അതില്‍ ഇരിക്കും. അങ്ങനെ അവര്‍ കസേരയില്‍ ഇരിക്കുകയാണെങ്കില്‍, അവര്‍ വര്‍ക്ക് ചെയ്യില്ല. ഒരു ക്ലാസിക് നോളന്‍ മൂവാണ് അത്,’ ആനി ഹാത്ത്‌വേ പറഞ്ഞു.

എന്‍ഡിങ് ദി നൈറ്റ്‌സ്, ഇന്റര്‍സ്റ്റെല്ലാര്‍ ഉള്‍പ്പെടെയുള്ള നോളന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആനി ഹാത്ത്‌വേ. ലോകസിനിമ കണ്ട എക്കാലത്തെയും മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ നോളന്റെ ഇന്റര്‍സ്റ്റെല്ലാര്‍.

ഈ സിനിമക്ക് ശേഷം നടി ക്രിസ്റ്റഫര്‍ നോളനുമായി വീണ്ടും ഒന്നിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നോളന്റെ സെറ്റിലെ കസേരയുടെ കാര്യം മാത്രമല്ല അദ്ദേഹത്തിന്റെ സിനിമാ നിര്‍മാണ ശൈലിയെ കുറിച്ചും ആനി ഹാത്ത്‌വേ സംസാരിച്ചു.

നോളന്‍ സിനിമ എടുക്കുന്ന രീതി ഒരേസമയം ചെറുതും വലുതും ആയിരിക്കുമെന്നും അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാമെന്നും ആനി ഹാത്ത്‌വേ പറഞ്ഞു. തന്റെ സിനിമയില്‍ എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് നോളന്‍ സെറ്റില്‍ സമയം കളയാറില്ലെന്നും വളരെ ഫോക്കസ്ഡായ വര്‍ക്കാണ് അദ്ദേഹത്തിന്റേതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഡെനിസ് വില്ലെന്യൂവ്, ക്വെന്റിന്‍ ടരന്റിനോ എന്നീ സംവിധായകരെ പോലെ തന്നെയാണ് നോളനെന്നും അദ്ദേഹം അവരെ പോലെ തന്റെ സെറ്റില്‍ ഫോണുകള്‍ ബാന്‍ ചെയ്യാറുണ്ടെന്നും ആനി ഹാത്ത്‌വേ പറഞ്ഞു. താന്‍ സെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ലെന്ന് മുമ്പ് നോളന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ക്രിസ്റ്റഫര്‍ നോളന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ അടുത്ത സിനിമക്കായാണ്. 2026ല്‍ വരാനിരിക്കുന്ന ആ സിനിമയില്‍ ആനി ഹാത്ത്‌വേക്ക് പുറമെ മാറ്റ് ഡാമണ്‍, ടോം ഹോളണ്ട്, ലുപിറ്റ ന്യോങ്വോ, സെന്‍ഡയ തുടങ്ങിയ വന്‍ താരനിരയാണ് ഒന്നിക്കുന്നത്. 2026 ജൂലൈ 17നാകും ചിത്രം റിലീസിന് എത്തുക.

Content Highlight: Anne Hathaway Talks About Christopher Nolan

We use cookies to give you the best possible experience. Learn more