ആന്‍ ഫ്രാങ്കിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചിരുന്നു; വിലങ്ങുതടിയായത് യു.എസിന്റെ കുടിയേറ്റ നയവും യുദ്ധവുമെന്ന് ഗവേഷകര്‍
world
ആന്‍ ഫ്രാങ്കിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചിരുന്നു; വിലങ്ങുതടിയായത് യു.എസിന്റെ കുടിയേറ്റ നയവും യുദ്ധവുമെന്ന് ഗവേഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 10:56 am

ബെര്‍ലിന്‍: നാസിപ്പടയുടെ ജൂതവേട്ടയുടെ അനുഭവം ഡയറിക്കുറിപ്പുകളിലൂടെ ലോകത്തിനെ അറിയിച്ച ആന്‍ ഫ്രാങ്കിന്റെ കുടുംബം അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായി ഗവേഷകര്‍. അമേരിക്കയിലേക്കും പിന്നീട് ക്യൂബയിലേക്കും കുടിയേറാന്‍ ഫ്രാങ്കിന്റെ കുടുംബം ശ്രമിച്ചിരുന്നുവെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു. ആന്‍ ഫ്രാങ്കും കുടുംബവും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് വെളിപ്പെടുത്തുന്ന രേഖകളും കത്തുകളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളുടെ കൊടിയ പീഡനങ്ങളിന്‍ അകപ്പെടാതിരിക്കാനായി അമേരിക്കയിലേക്കു കുടിയേറാന്‍ ശ്രമിച്ച ആന്‍ ഫ്രാങ്കിന്റെയും കുടുംബത്തിന്റെയും ശ്രമങ്ങളെ തകര്‍ത്തെറിഞ്ഞത് അമേരിക്കയുടെ കുടിയേറ്റ നയങ്ങളും ബ്യൂറോക്രസിയുടെ നൂലാമാലകളുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതും ഇവരുടെ പരിശ്രമങ്ങള്‍ വിഫലമാക്കി.

ആന്‍ ഫ്രാങ്കിന്റെ പിതാവായ ഓട്ടോമന്‍ ഫ്രാങ്ക് യു.എസ് വിസക്കു വേണ്ട രേഖകള്‍ നേടാനായി രണ്ടു തവണ ശ്രമിച്ചിരുന്നതായി തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


Read Also : ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം


 

അമേരിക്കന്‍ കോണ്‍സുലേറ്റ് വിസ നല്‍കുന്നതില്‍ മനപ്പൂര്‍വ്വം തടസ്സം നിന്നതല്ലെങ്കിലും ഉദ്യോഗസ്ഥ മേല്‍ക്കോയ്മയും യുദ്ധവും ഇവരുടെ പരിശ്രമങ്ങളെല്ലാം തകര്‍ക്കുകയായിരുന്നുവെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു.

“എവിടെയ്ക്കെങ്കിലും കുടിയേറാതെ വേറെ മാര്‍ഗമില്ല. ഈ സമയത്ത് അമേരിക്കയല്ലാതെ മറ്റൊരു രാജ്യത്തിലേക്കും ഞങ്ങള്‍ക്കു കുടിയേറി താമസിക്കാനാകില്ല.” 1941ല്‍ യു.സിലുണ്ടായിരുന്ന സുഹൃത്ത് നഥാന്‍ സ്ട്രോസിനെഴുതിയ കത്തില്‍ ഓട്ടോമന്‍ ഫ്രാങ്ക് പറയുന്നു.

1938ല്‍ റോട്ടന്‍ഡാമിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ വിസക്കുവേണ്ടി താന്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് ഓട്ടോമന്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്. പക്ഷെ 1940ല്‍ ഉണ്ടായ ജര്‍മന്‍ ആക്രമണത്തില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് തകര്‍ന്നതിനാല്‍ എല്ലാ രേഖകളും പൂര്‍ണ്ണമായും നശിച്ചിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

രേഖകള്‍ നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ആന്‍ ഫ്രാങ്കിനും കുടുംബത്തിനും യു.എസിലേക്കു കുടിയേറാന്‍ സാധിക്കില്ലായിരുന്നു എന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.

1939ല്‍ യുദ്ധം ആരംഭിച്ചപ്പോള്‍ പതിനായിരക്കണക്കിന് പേരാണ് യു.എസ് വിസക്കുവേണ്ടി ഓരോ വര്‍ഷവും അപേക്ഷകള്‍ നല്‍കിയിരുന്നത്. വാഷിംഗ്ടണ്‍ അനുവദിച്ചതാകട്ടെ മുപ്പതിനായിരത്തില്‍ താഴെ വിസകള്‍ മാത്രവും.

1941ല്‍ ഫ്രാങ്ക് കുടുംബം വീണ്ടും ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജര്‍മനി കയ്യടക്കിയ യൂറോപ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു. ഫ്രാങ്ക് കുടുംബം വിസ അപേക്ഷ നല്‍കിയ നെതര്‍ലന്‍സിലെ കോണ്‍സുലേറ്റും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ക്യൂബയിലേക്ക് കുടിയേറാനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് വൈകാതെ ഫ്രാങ്ക് കുടുംബം അറസ്റ്റിലാവുകയും വ്യത്യസ്ത കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് അയക്കപ്പെടുകയും ചെയ്തു. കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ വെച്ചായിരുന്നു ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള ആന്‍ ഫ്രാങ്കിന്റെ മരണം.

കുടിയേറ്റക്കാരോടുള്ള അമേരിക്കന്‍ നയത്തിനെതിരെ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വ്യാപക പ്രതിഷേധമുയരുന്നതിനിടയിലാണ് യു.എസിന്റെ ക്രൂരമായ കുടിയേറ്റ നയങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നത്.