ന്യൂദല്‍ഹി: കാറില്‍ വാഹനമിടിച്ച് തന്നെ കൊല്ലാന്‍ ആസൂത്രിത ശ്രമം നടന്നെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന പൊളിച്ചടുക്കി പൊലീസ്.
ചൊവ്വാഴ്ച രാത്രിയായിരുന്നു മന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ട്രക്ക് ഇടിച്ചത്. കര്‍ണാടകത്തിലെ ഹാവേരി ജില്ലയില്‍ റാണെബെന്നൂരിലുണ്ടായ അപകടത്തില്‍ മന്ത്രിയെ അനുഗമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തനിക്ക് നേരെ നടന്നത് കൊലപാതകശ്രമമാണെന്ന് അപകടത്തിനുശേഷം മന്ത്രി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
അപകടം ചിലര്‍ മനഃപൂര്‍വം ഉണ്ടാക്കിയതാണെന്നും തന്റെ ജീവന്‍ അപകടത്തില്‍പ്പെടുത്താനായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ് മന്ത്രി നിരന്തരം ട്വീറ്റുകളും പുറത്തുവിട്ടു. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ നാസര്‍ എന്നു പേരുള്ള ഒരാളാണെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു.
ഇയാളുടെ ചിത്രങ്ങളും ഹെഗ്ഡെ തന്റെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. നാസറിനു പിന്നില്‍ ഒരു വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം.
എന്നാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം തന്നെ നടത്തിയ പൊലീസ് അപകടം ഉണ്ടാക്കിയ ലോറിയുടെ ഉടമസ്ഥന്‍ ചിക്കമംഗലൂരുവിലെ നാഗേഷ് എന്നു പറയുന്ന ആളാണ് കണ്ടെത്തി. നാഗേഷിന്റെ സഹോദരന്‍ രമേഷ് കോപ്പയിലെ ബി.ജെ.പി താലൂക്ക് പ്രസിഡന്റുമാണ്.
കേന്ദ്രമന്ത്രി പറയുന്നതുപോലെ മന:പൂര്‍വമായൊരു അപകടമല്ല ഉണ്ടായതെന്ന് അന്വേഷണത്തില്‍ നിന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു. ദേശീയപാതയിലൂടെ വരികയായിരുന്ന ലോറി ഹലഗേരി ബൈപ്പാസില്‍വച്ച് തിരിയേണ്ട സ്ഥലം കടന്നും മുന്നോട്ടു പോയി.
വഴി തെറ്റിയെന്നു മനസിലാക്കിയതോടെ ഡ്രൈവര്‍ വാഹനം പുറകോട്ടെടുക്കാന്‍ ശ്രമിച്ചതോടെയാണ് മന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനവുമായി ഇടിച്ചത്.
നാസര്‍ എന്ന് പറയുന്ന ആളാണ് ലോറി കയറ്റി തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ ആരോപണത്തിന് പിന്നാലെ തന്നെ അദ്ദേഹത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തു വന്നിരുന്നു.
അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഇത് കൊലപാതകശ്രമമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മന്ത്രിയുടെ പ്രതികരണം മനോനിലയുടെ കുഴപ്പം കൊണ്ടാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനായി കേന്ദ്രമന്ത്രി ഒരു വാര്‍ത്തസമ്മേളനവും വിളിച്ചിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ആ വാര്‍ത്താസമ്മേളനം അകാരണമായി റദ്ദ് ചെയ്യുകയായിരുന്നു.
അപകടം കണ്ട് ഡ്രൈവര്‍ പെട്ടെന്ന് വാഹനം നിയന്ത്രിച്ചതിനാല്‍ താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു മന്ത്രി ട്വിറ്ററില്‍ പറഞ്ഞത്.തെറ്റായ വശത്തുകൂടിയാണ് അപകടമുണ്ടാക്കിയ ട്രക്ക് വന്നതെന്നും മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിച്ചശേഷം താന്‍ സഞ്ചരിച്ച കാറിനെയും ഇടിക്കാന്‍ ശ്രമിച്ചെന്നും മന്ത്രി ആരോപണം ഉന്നയിച്ചിരുന്നു.