|

അണ്ണാത്തെ വന്തിട്ടാടാ....; രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ടീസര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്തിറങ്ങി. സണ്‍ ടി.വിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്

രജനികാന്ത് സിനിമകളെ പോലെ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാവും അണ്ണാത്തെ എന്ന് അടിവരയിടുന്ന തരത്തിലുള്ള രംഗങ്ങളാണ് ടീസറിലുള്ളത്. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കോളിവുഡ് നോക്കിക്കാണുന്നത്.

6 ലക്ഷത്തിലധികം ആളുകള്‍ ഇതിലോടകം തന്നെ ടീസര്‍ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ടീസറിന് എല്ലാ കോണുകളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.

രജനികാന്തിന് വേണ്ടി അവസാനമായി എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനം നേരത്തെ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. അണ്ണാത്തെ അണ്ണാത്തെ എന്ന് തുടങ്ങുന്ന ഡപ്പാം കൂത്ത് ഗാനമായിരുന്നു എസ്.പി.ബി അവസാനമായി ആലപിച്ചത്.

രജനികാന്തിനൊപ്പം നയന്‍താര, സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി. ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഏറെകാലത്തിനു ശേഷം രജനി ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയുമാണ് ആരാധകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Annathe Teaser Released