ഹസാരെയുടെ തീരുമാനം ആശ്ചര്യവും വേദനയുമുണ്ടാക്കിയെന്ന് കെജ്‌രിവാള്‍
India
ഹസാരെയുടെ തീരുമാനം ആശ്ചര്യവും വേദനയുമുണ്ടാക്കിയെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2012, 3:23 pm

ന്യൂദല്‍ഹി: താനുമായി പിരിയാനുള്ള അണ്ണാ ഹസാരെയുടെ തീരുമാനം ഏറെ വേദനിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഹസാരെ തനിക്ക് ഗുരുമാത്രമല്ല, പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ തീരുമാനം അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.[]

കെജ്‌രിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ കിരണ്‍ ബേദിക്കും അനുകൂല നിലപാടല്ലെന്നാണ് അറിയുന്നത്. പാര്‍ട്ടിയെ കുറിച്ച് അദ്ദേഹം എന്താണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെജ്‌രിവാളിനോട് തന്നെ ചോദിക്കണമെന്നും ഹസാരെയുടെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി രൂപീകരിക്കില്ലെന്നാണ് കെജ്‌രിവാള്‍ തന്നെ അറിയിച്ചതെന്നും കിരണ്‍ ബേദി പറഞ്ഞു.

അതേസമയം, പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് കെജ്‌രിവാള്‍ പറയുന്നത്.

ഇന്നലെയാണ് ഹസാരെ അരവിന്ദ് കെജ്‌രിവാളുമായി പിരിയുന്നതായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കാനാവാത്തതാണ് വേര്‍പിരിയലിന് കാരണമായി ഹസാരെ പറഞ്ഞത്.

പിളര്‍പ്പിനെ തുടര്‍ന്ന് തന്റെ പേരോ ചിത്രമോ കെജ്‌രിവാളോ സംഘമോ ഇനി ഉപയോഗിക്കരുതെന്നും ഇനിമുതല്‍ കെജ്‌രിവാളിനു വേണ്ടി പ്രചാരണം നടത്തില്ലെന്നും പറഞ്ഞിരുന്നു.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും താനക്ക് അനുകൂല നിലപാടല്ലെന്നും ഹസാരെ പറഞ്ഞിരുന്നു.