ചെന്നൈ: ഡി.എം.കെ സർക്കാർ വീഴും വരെ ചെരുപ്പിടില്ലെന്ന വ്രതം ആരംഭിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. സ്വന്തം ശരീരത്തിൽ ആറ് തവണ ചാട്ട കൊണ്ട് അടിച്ചാണ് വ്രതം ആരംഭിച്ചത്. കോയമ്പത്തൂരിലെ സ്വന്തം വീട്ടുമുറ്റത്ത് വെച്ചായിരുന്നു ചാട്ടവാറടി നടത്തിയത്.
48 ദിവസത്തെ വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്ന് അണ്ണാമലൈ പറഞ്ഞു. ഡി.എം.കെ സർക്കാർ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന വിചിത്ര പ്രഖ്യാപനം ഇന്നലെ അണ്ണാമലൈ നടത്തിയിരുന്നു.
ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിയായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രഖ്യാപനം. അണ്ണാമലൈ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ കേസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് തീരുമാനം. കേസിലെ അതിജീവിതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതില്‍ സംസ്ഥാന പൊലീസിനെ അണ്ണാമലൈ വിമര്‍ശിച്ചു. എഫ്.ഐ.ആറിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഡി.എം.കെ ലജ്ജിക്കണമെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ ആർ. എൻ. രവി ഇന്ന് ദൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബി.ജെ.പി സംഘം അദ്ദേഹത്തെ നേരിട്ട് കണ്ട് വിഷയത്തിൽ പരാതി നൽകും.
അതേസമയം അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതി പിടിയിലായിരുന്നു. യൂണിവേഴ്സിറ്റിക്ക് സമീപം ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) എന്നയാളാണ് പിടിയിലായത്.
തിങ്കളാഴ്ച്ച രാത്രിയാണ് അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ലാബിന് സമീപത്തുവെച്ച് വിദ്യാർത്ഥി ബലാത്സംഗം ചെയ്യപ്പെട്ടത്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അതിക്രമം നടന്നത്.
Content Highlight: Annamalai began a 48-day fast by flogging his own body six times; No shoes until the government falls