ആളുകളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ട്രോളുകള്‍ : അന്ന ബെന്‍
Malayalam Cinema
ആളുകളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ട്രോളുകള്‍ : അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th May 2023, 12:19 pm

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമുള്ളയാളാണ് താനെന്നും ഒരേ പോലുള്ള കഥാപാത്രങ്ങള്‍ തന്നെ ചെയ്യുന്നത് മടുപ്പുണ്ടാക്കുമെന്നും നടി അന്ന ബെന്‍ പറഞ്ഞു. ട്രോളുകളൊക്കെ ആസ്വദിക്കാറുണ്ടെന്നും ആളുകളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ട്രോളുകളെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നടി  പറഞ്ഞു.

‘ഒരു അഭിനേതാവെന്ന നിലയ്ക്ക് എന്റെ പ്രധാന ലക്ഷ്യമെന്നത് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നതാണ്. വരുന്ന ട്രോളുകളും ഒരു തരത്തില്‍ നോക്കുകയാണെങ്കില്‍ ആളുകളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നതിന് തെളിവാണല്ലോ. സിനിമയില്‍ ഡബ്ബിങ്ങ് കഴിയുന്നതോടെ എന്റെ ജോലി കഴിഞ്ഞു.

സിനിമയുടെ പ്രൊമോഷനിലും ഞാന്‍ ഭാഗമാകാറുണ്ട് . ഞാന്‍ ചെയ്യുന്ന വര്‍ക്ക് വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് ചെയ്യാറ്. സിനിമയിറങ്ങിയതിന് ശേഷമുള്ള കാര്യങ്ങളെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.

 

അവരോട് നമ്മള്‍ വര്‍ക്ക് ചെയ്യാന്‍ എടുത്ത എഫര്‍ട്ട് ബോധ്യപ്പെടുത്തുന്നത് കൊണ്ട് കാര്യമില്ലയെന്നാണ് എനിക്ക് തോന്നുന്നത് . അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു, ഇല്ലെങ്കില്‍ ഇല്ല. അവര്‍ വിലയിരുത്തുന്നത് നമ്മുടെ വര്‍ക്ക് ആണ്, അല്ലാതെ നമ്മള്‍ അതിനുവേണ്ടിയെടുത്ത എഫര്‍ട്ട് അല്ല. വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ നമുക്കാവശ്യമുള്ളതും ഉപകാരപ്പെടുന്നതും മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്’, അന്ന ബെന്‍ പറഞ്ഞു.

അച്ഛന്റെ(ബെന്നി പി. നായരമ്പലം) സിനിമാപരിചയം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നടി അന്ന ബെന്‍. തന്റെ അച്ഛന് സിനിമാമേഖലയില്‍ നല്ല അറിവുണ്ടെന്നും സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ഉപദേശിക്കാറുണ്ടെന്നും നടി പറഞ്ഞു.

‘ഞാന്‍ ഒഡിഷനിലൂടെയാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തിയത്. സിനിമയില്‍ അഭിനയിക്കണമെന്നതിനെക്കുറിച്ചൊന്നും ഞാന്‍ അച്ഛനോട് കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നില്ല. അങ്ങനെ വലിയ പ്ലാനിങ്ങോടൊയൊന്നുമല്ല ഞാന്‍ സിനിമയില്‍ വന്നത്. എന്തെങ്കിലും ഉപദേശമൊക്കെ വേണമെങ്കില്‍ അച്ഛനോടാണ് ചോദിക്കാറ്. കാരണം അച്ചന്‍ 30 വര്‍ഷത്തോളമായി സിനിമയില്‍ പ്രവര്‍ത്തിച്ച ആളാണ്. സിനിമാമേഖലയെക്കുറിച്ച് നല്ല അറിവുള്ളയാളുമാണ്.

അതുകൊണ്ടുതന്നെ അച്ഛന്റെ അഭിപ്രായത്തിന് നല്ല പ്രാധാന്യം ഉണ്ട്. സ്‌ക്രിപ്‌റ്റൊക്കെ കേട്ടുകഴിഞ്ഞാല്‍ ഞാന്‍ അച്ഛനോട് അഭിപ്രായം ചോദിക്കാറുണ്ട്. നല്ല സക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ അച്ഛന്റെ ഉപദേശങ്ങള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

അച്ഛന്‍ പലരീതിയില്‍ എനിക്കൊരു സഹായമായിട്ടുണ്ടെങ്കില്‍കൂടി ഞാന്‍ സ്വയം പ്രൂവ് ചെയ്യാതെ എനിക്ക് സിനിമയില്‍ നിലനില്‍പില്ല. എത്ര സിനിമാപശ്ചാത്തലമുള്ളയാളാണെങ്കിലും ഇത് തന്നെയാണ് സ്ഥിതി. സിനിമയില്‍ എത്തിപ്പെടാന്‍ എളുപ്പമാണ് പക്ഷേ നിലനില്‍ക്കാനാണ് പ്രയാസം’, അന്ന ബെന്‍ പറഞ്ഞു.

അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രമാണ് തൃശങ്കു. നവാഗതനായ അച്യുത് വിനായകിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ അശോകന്‍ ആണ്. മെയ് 26 നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlights: Anna Ben about trolls