കൊച്ചി: വൊഡാഫോണ്‍ ഐഡിയ ഷോറൂമില്‍ തന്നെ പൂട്ടിയിട്ടെന്ന് ചൂണ്ടിക്കാട്ടി നടി അന്ന രാജന്‍ ഇന്ന് ആലുവ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഡൂപ്ലിക്കേറ്റ് സിം എടുക്കാനായി ഷോറൂമിലെത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പൂട്ടിയിട്ടെന്നുമാണ് അന്ന പരാതി നല്‍കിയത്.
ഷോറൂമില്‍ വെച്ചുണ്ടായ തിക്താനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയാണ് നടി. സ്റ്റാഫുകള്‍ അപമര്യാദയായി പെരുമാറിയത് ഷൂട്ട് ചെയ്തപ്പോള്‍ അത് ഡിലീറ്റ് ചെയ്യാതെ പുറത്ത് വിടില്ലെന്ന് പറഞ്ഞ് ഷട്ടര്‍ താഴ്ത്തുകയായിരുന്നുവെന്ന് അന്ന പറയുന്നു.
‘വൊഡാഫോണ്‍ ഐഡിയ ഷോറൂമില്‍ സിം ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി ഇന്ന് പോയിരുന്നു. അവിടത്തെ സ്റ്റാഫുകള്‍ അപമാര്യദയായി പെരുമാറി. ആ രംഗം ഫോണില്‍ പകര്‍ത്തി. അത് ഡിലീറ്റ് ആക്കാതെ പുറത്തു വിടില്ല എന്നും പറഞ്ഞു ഷോറൂമിന്റെ ഷട്ടര്‍ താഴ്ത്തി.
ആ സമയം ഞാന്‍ വല്ലാതെ ഭയന്നു. അപ്പോള്‍ അച്ഛന്റെ കൂട്ടുകാരായ രാഷ്ട്രീയ നേതാക്കളെ വിളിച്ചു. എന്റെ അച്ഛന്‍ കോണ്‍ഗ്രസ് നേതാവും, ആലുവയില്‍ കൗണ്‍സിലറും ആയിരുന്നു. ആലുവ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുകയും, രേഖമൂലം പരാതികൊടുത്തു. അതിനു ശേഷം ഷോറൂം ജീവനക്കാര്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി മാപ്പ് പറയുകയും ചെയ്തു.
ഒരു മനുഷ്യനും ഇങ്ങനെ ഒരു ഗതി വരരുത് എന്നാണ് ആഗ്രഹം. അക്രമവും, ഗുണ്ടായിസവും ഒന്നിനും പരിഹാരമല്ലല്ലോ. ഒരു സ്ത്രീക്കും, പുരുഷനും ഈ ഗതി വരരുത്. ഓള്‍ ആര്‍ ഈക്വല്‍. രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി,’ അന്ന കുറിച്ചു.
ഇന്ന് വൈകുന്നേരം 4:30ടെയാണ് സംഭവം നടന്നത്. ടെലികോം ഓഫീസില്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായാണ് അന്ന എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് നടിയെ ജീവനക്കാര്‍ പൂട്ടിയിടുകയായിരുന്നു. ജീവനക്കാര്‍ മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീര്‍പ്പായി.
Content Highlight: Anna rajan tells about her experiences at the Vi showroom