മുംബൈ: ലാഡ്‌ലി മീഡിയ ദേശീയ മാധ്യമ പുരസ്‌കാരം ഡൂള്‍ ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ അന്ന കീര്‍ത്തി ജോര്‍ജിന്. യു.എന്‍.എഫ്.പി.എയുടെയും നോര്‍വീജിയന്‍ എംബസിയുടെയും പിന്തുണയോടെ പോപ്പുലേഷന്‍ ഫസ്റ്റ് സംഘടിപ്പിക്കുന്ന 2021ലെ ലാഡ്ലി മീഡിയ ആന്റ് അഡ്വര്‍ട്ടൈസിങ്ങ് അവാര്‍ഡ് ഫോര്‍ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ദേശീയ പുരസ്‌കാരത്തിനാണ് അന്ന കീര്‍ത്തി ജോര്‍ജ് അര്‍ഹയായത്.
നേരത്തെ ദക്ഷിണേന്ത്യന്‍ വിഭാഗത്തിലെ വെബ് ഡോക്യുമെന്ററി കാറ്റഗറിയിലെ പുരസ്‌കാരവും അന്ന കീര്‍ത്തി ജോര്‍ജിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത എന്‍ട്രികളാണ് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചത്.
ചലച്ചിത്രങ്ങള്‍, ടെലിവിഷന്‍, പരസ്യം, പത്രപ്രവര്‍ത്തനം, പുസ്തകങ്ങള്‍, തിയേറ്റര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായാണ് പുരസ്‌ക്കാര ജേതാക്കളെ കണ്ടെത്തിയത്.
ഡിസംബര്‍ 5 ഞായറാഴ്ച ഓണ്‍ലൈനായി നടത്തിയ ചടങ്ങിലാണ് പുരസ്‌ക്കാരം വിതരണം ചെയ്തത്. നോര്‍വീജിയന്‍ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രൈഡന്‍ലണ്ട്, യു.എന്‍.എഫ്.പി.എ ഇന്ത്യ പ്രതിനിധി ശ്രീറാം ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ടെലിവിഷന്‍ പ്രവര്‍ത്തകയുമായ മൃണാള്‍ പാണ്ഡെയായിരുന്നു മുഖ്യാതിഥി.
അവാര്‍ഡിന് അര്‍ഹമായ അന്ന കീര്‍ത്തിയുടെ ഡോക്യുമെന്ററി മഹാമാരിക്കാലത്ത് ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അവര്‍ നേരിടുന്ന പ്രതിസന്ധികളും ഏറ്റവും മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നായിരുന്നു ജൂറി സതേണ്‍ റീജിയണ്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്.
‘ഈ ഡോക്യുമെന്ററി ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ ബാഹുല്യം തുറന്നുകാട്ടുന്നതായിരുന്നു. അതേസമയം തന്നെ ജോലിസ്ഥലങ്ങളില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അസൗകര്യങ്ങള്‍, കുറഞ്ഞ വേതനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നു.
ആശ വര്‍ക്കര്‍മാരുടെ നിസ്വാര്‍ത്ഥ സേവനം സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. മാത്രമല്ല, ആശ വര്‍ക്കാര്‍മാരെ ജോലിക്കാരായി പരിഗണിക്കാതെ വൊളന്റിയര്‍മാരെ പോലെയാണ് കാണുന്നതെന്ന വിഷയം പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനും ഡോക്യുമെന്ററി സഹായകരമാകുന്നുണ്ട്,’ ജൂറി പറഞ്ഞു.
ദേശീയ തലത്തില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ 15 പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നായി പുരസ്‌കാരത്തിന് അര്‍ഹരായത്. സിനിമ മേഖലയില്‍ നിന്ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഥപ്പഡും ഒ.ടി.ടി വിഭാഗത്തില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും പുരസ്‌കാരത്തിന് അര്‍ഹരായി.
അവാര്‍ഡിന് അര്‍ഹമായ ഡോക്യുമെന്ററി
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Anna Keerthi George receives Laadli Media National Award 2021