മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ വൈന്‍ പോളിസിക്കെതിരായി പ്രഖ്യാപിച്ചിരുന്ന നിരാഹാര സമരത്തില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പിന്മാറി.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമരം ആരംഭിക്കുമെന്നായിരുന്നു അണ്ണാ ഹസാരെ നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ സമരം തുടങ്ങുന്നത് തല്‍ക്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.
”മഹാരാഷ്ട്ര സര്‍ക്കാരിന്റെ വൈന്‍ പോളിസിക്കെതിരായി നിരാഹാരസമരം ഇരിക്കാനുള്ള തീരുമാനത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പിന്മാറുന്നു. ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് എനിക്ക് ലഭിച്ചു.
പോളിസി നടപ്പാക്കുന്നതിന് മുമ്പായി ജനങ്ങളുടെ തീരുമാനം കണക്കിലെടുക്കും എന്ന് കത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കുന്നുണ്ട്,” അണ്ണാ ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി മൂന്നിന് ഇതുസംബന്ധിച്ച ആദ്യത്തെ കത്ത് താക്കറെയ്ക്ക് അയച്ചുവെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരവും ഭാവിതലമുറയ്ക്ക് അപകടകരവുമാണെന്നും അണ്ണാ ഹസാരെ പ്രതികരിച്ചു.
‘സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് പോകാനാണ് എന്റെ തീരുമാനം. അത് ഞാന്‍ മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും(അജിത്ത് പവാര്‍) അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല,’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Anna Hazare Suspends Protest Against Maharashtra’s Wine Policy