എന്താണ് ഇപ്പൊള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം? പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയ വിഷയത്തില്‍ കേന്ദ്രം മൗനം പാലിക്കുന്നു, ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കുന്നു, പൗരന്‍മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു, രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കപ്പെടുന്നു, സാമ്പത്തികനില തകരുന്നു… പക്ഷെ അതിലും വലിയ ഒരു പ്രശ്‌നമാണ് ഇപ്പോള്‍ അണ്ണാ ഹസാരെയുടെ മനസ്സിലുള്ളത്.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നിരാഹാര സമരം നടത്താനുള്ള തീരുമാനത്തിലാണ്.
‘മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഒരു കത്ത് ഞാന്‍ അയച്ചിരുന്നു. പക്ഷെ സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഒരു മറുപടിയും കിട്ടിയില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഭാവിതലമുറയ്ക്ക് അപകടകരമാണ്,’ എന്നൊക്കെയാണ് അണ്ണന്‍ പറഞ്ഞത്.
‘ അഴിമതിക്കെതിരെ ഇന്ത്യ’ എന്ന സമരവേദികളില്‍, രണ്ടാം ഗാന്ധി എന്നും, രക്ഷകന്‍ എന്നും, ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരം എന്നൊക്കെ പറഞ്ഞ് വിളിച്ച് ജനങ്ങള്‍ ഏറ്റെടുത്ത അണ്ണാ ഹസാരയെ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം മഷിയിട്ട് നോക്കിയിട്ടും എങ്ങും കണ്ടിട്ടില്ല. അന്ന് സമരവേദിയില്‍ നിന്ന് പുള്ളി ഒന്ന് തുമ്മിയാല്‍ പോലും മാധ്യമങ്ങള്‍ അങ്ങോട്ട് ചാടിവീഴുമായിരുന്നു.
ദല്‍ഹിയിലെ ജന്തര്‍ മന്തറിലും രാംലീല ഗ്രൗണ്ടിലും ആയിരങ്ങളാണ് അണ്ണാ ഹസാരയുടെ പ്രസംഗം കേള്‍ക്കാന്‍ കൂടിയിരുന്നത്. ജനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ അടുത്ത ഗാന്ധി എന്ന് വിളിച്ചു. 2014ലെ യു.പി.എ സര്‍ക്കാരിനെ താഴെ ഇറക്കിയതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് അണ്ണാ ഹസാരെയും ലോക്പാലിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരവും ആയിരുന്നു.
പക്ഷെ അത് കഴിഞ്ഞ് ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം നമ്മുടെ രണ്ടാം ഗാന്ധിയെ ആരും കണ്ടിട്ടില്ല. ഏഴ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന അണ്ണാ ഹസാരെ ഇപ്പോള്‍ ഒന്നിനെകുറിച്ചും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് എന്ന് പലരും ചോദിക്കുന്നുണ്ട്.
നോട്ട് നിരോധനം, പൗരത്വ ഭേദഗതി ബില്ല്, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയത്, കാര്‍ഷിക നിയമങ്ങള്‍, സ്വകാര്യവത്കരണം, ഭൂമി ഏറ്റെടുക്കല്‍ ഉത്തരവ്, കൊവിഡ് കാലത്തെ വീഴ്ചകള്‍, പി.എം കെയര്‍ ഫണ്ട്, പുതിയ വിദ്യാഭ്യാസ നയം, പരിസ്ഥിതി നയങ്ങളെ അട്ടിമറിച്ചത്, ഇന്ധന വില ഇഷ്ടം പോലെ കൂട്ടിയത്, തൊഴിലില്ലായ്മ ദിനംപ്രതി വര്‍ധിച്ചുവരുന്നത്, പണപ്പെരുപ്പം, എന്നിങ്ങനെ ഒരുപാട് ചാന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെച്ചു നീട്ടിയിട്ടും ഒരിക്കല്‍ പോലും അണ്ണന്‍ വാ തുറന്നിരുന്നില്ല. അതുകൊണ്ടൊക്കെ തന്നെ അണ്ണാ ഹസാരെ ചെറിയ തോതില്‍ സംഘപരിവാറിന്റെ ആളായിരുന്നോ എന്നൊരു സംശയം പലരും കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
‘എനിക്ക് ഇഷ്ടം ഉള്ളപ്പോള്‍ ഞാന്‍ പ്രതികരിക്കും. ഞാന്‍ പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ട് വരേണ്ട കാര്യമില്ല. ഞാന്‍ മോദി സര്‍ക്കാരിന് 46 കത്തുകള്‍ എഴുതിയിട്ടുണ്ട്, എന്നാല്‍ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു കത്ത് അയച്ചതിന്റെ പുറത്ത് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 2,000 രൂപ പെന്‍ഷന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൊവിഡ് രൂക്ഷമായതിനാല്‍ ഞാന്‍ വിശ്രമത്തിലാണ്,’ എന്നൊക്കെയാണ് പുള്ളി വിമര്‍ശനങ്ങള്‍ക്ക് കൊടുത്ത മറുപടി
ചെറുതാണെങ്കിലും ഒരു പ്രതികരണം നടത്തിയാല്‍ അതില്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ കഴിയുന്ന അണ്ണാ ഹസാരെയെ പോലെയുള്ള ഒരാള്‍ യാതൊരു പ്രതികരണവും മോദിയുടെ ഭരണകാലത്ത് നടത്താത്തത് കഷ്ടമാണ്. ഒപ്പം ‘മോദി ഒരു വര്‍ഗീയവാദിയാണ് എന്നതിന് തെളിവൊന്നും ഇല്ലാ’ എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരുന്നാല്‍ എന്ത് വിലയാണ് ഉണ്ടാവുക.
അന്ന് 2011ല്‍ നടന്ന സമരം സംഘപരിവാറിന്റെ ഒരു ടൂള്‍ ആയിരുന്നു എന്ന് പിന്നീട് ആ സമരത്തില്‍ സജീവമായിരുന്ന പ്രശാന്ത് ഭൂഷണ്‍,
ശാന്തി ഭൂഷണ്‍ തുടങ്ങിയവര്‍ തിരിച്ചറിയുകയും, തുറന്ന് സമ്മതിക്കുകയും, അതിന് ചുക്കാന്‍ പിടിച്ചതിന് കുറ്റബോധമുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ ജനദ്രോഹനടപടികള്‍ക്ക് നേരെ ചെറുവിരല്‍ അനക്കാത്ത അണ്ണാ ഹസാരെയുടെ ഗാന്ധിയന്‍ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
Content Highlight: Anna Hazare’s silence during bjp rule in india