| Sunday, 6th February 2022, 9:29 am

ഇനി അണ്ണാ ഹസാരെ ഉദ്ധവ് താക്കറെയ്‌ക്കെതിരെ; 'വൈന്‍ പോളിസിക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം ഇരിക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം ഇരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു.

ഫെബ്രുവരി മൂന്നിന് ഇതുസംബന്ധിച്ച് ആദ്യകത്ത് മുഖ്യമന്ത്രിക്ക് അയച്ചുവെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുന്നറിയിപ്പ് നല്‍കി കൊണ്ട് ഒരു കത്ത് ഞാന്‍ അയച്ചിരുന്നു. എന്നാല്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിച്ചുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുകയാണ്. ഇത് വളരെ നിര്‍ഭാഗ്യകരവും ഭാവിതലമുറയ്ക്ക് അപകടകരവുമാണ്,’ അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് പോകാനാണ് എന്റെ തീരുമാനം. അത് ഞാന്‍ മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും(അജിത്ത് പവാര്‍) അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

വൈന്‍ വില്‍പന അനുവദിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.


Content Highlight: anna-hazare-maharashtra-cm-uddhav-thackeray-hunger-strike-wine-sale-shops

We use cookies to give you the best possible experience. Learn more