|

ലോക്പാല്‍: ആറുദിവസത്തിന് ശേഷം അണ്ണാഹസാരെ സമരം അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിരാഹാര സമരം അണ്ണാഹസാരെ അവസാനിപ്പിച്ചു. ആറുദിവസമായി രാംലീല മൈതാനത്ത് തുടരുന്ന സമരമാണ് ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിച്ചത്. മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര കൃഷ്മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ഹസാരെയുടെ ആരോഗ്യനില മോശമായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഗജേന്ദ്രസിംഗും ഫഡ്‌നാവിസും ഹസാരയെ സന്ദര്‍ശിക്കാനെത്തിയത്. ബുധനാഴ്ച ഹസാരയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും പഞ്ചസാരയുടെ അളവ് താഴ്ന്നതായും വാര്‍ത്തകളുണ്ടായിരുന്നു.


Read Also: വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് മലയാള സര്‍വ്വകലാശാല ഓഫീസില്‍ എയര്‍കണ്ടീഷനുകള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍


ഏഴുവര്‍ഷം മുമ്പ് ഡല്‍ഹി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ ഇതേ വരെ സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള കര്‍ഷകരും വിരമിച്ച ജഡ്ജിമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും ഹസാരെയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് ഹസാരെ സമരത്തിനിറങ്ങിയത്. കൂടെ സമരത്തിനിറങ്ങുന്നവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാവില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒപ്പിട്ട് തരണമെന്ന് ഹസാരെ പറഞ്ഞിരുന്നു.


Read Also: കര്‍ണാടക തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും മത്സരിക്കും


“ഈ സമരത്തില്‍ പങ്കെടുക്കുന്നത് ആരായാലും, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാവില്ലെന്നും ഒരു തെരഞ്ഞെടുപ്പിലും പങ്കെടുക്കില്ലെന്നും എഴുതി ഒപ്പിട്ട് തരണം. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള സേവനം ഉറപ്പ് വരുത്തണം. നല്ല സ്വഭാവം കാത്തുസൂക്ഷിക്കണം. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയേയും ഈ സ്റ്റേജിലേക്ക് ഞാന്‍ അനുവദിക്കില്ല.” എന്നാണ് അദ്ദേഹം പറഞ്ഞത്.