ലോക്പാല്‍; അണ്ണാ ഹസാരെ വീണ്ടും നിരാഹാരസമരം ആരംഭിച്ചു
Lokpal Bill
ലോക്പാല്‍; അണ്ണാ ഹസാരെ വീണ്ടും നിരാഹാരസമരം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd March 2018, 6:09 pm

ന്യൂദല്‍ഹി: അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ വീണ്ടും നിരാഹാരം ആരംഭിച്ചു. ഏഴുവര്‍ഷം മുമ്പ് ഡല്‍ഹി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് സര്‍ക്കാര്‍ ബില്‍ അംഗീകരിച്ചത്. എന്നാല്‍ ഇതേ വരെ സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് തന്നെയാണ് ഇത്തവണയും സമരം. രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം രാംലീല മൈതാനത്തെത്തിയ ഹസാരെ നിരാഹാര സമരം തുടങ്ങിയതായി പ്രഖ്യാപിച്ചു. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതിനാലാണ് സമരത്തിന് ഈ ദിവസം തെരഞ്ഞെടുത്തതെന്ന് സമരപ്രഖ്യാപനത്തില്‍ ഹസാരെ പറഞ്ഞു.


Read Also: ഫ്രാന്‍സില്‍ സൂപ്പര്‍മാക്കറ്റിലെത്തിയവരെ തോക്കുധാരി ബന്ദികളാക്കി; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് സംശയം


രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള കര്‍ഷകരും വിരമിച്ച ജഡ്ജിമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും ഹസാരെയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് ഹസാരെ സമരത്തിനിറങ്ങുന്നത്.

“രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിച്ചാല്‍ സൗഭാഗ്യമായി കരുതും”- ഹസാരെ പറഞ്ഞു.


Read Also: തൊഴില്‍നിയമങ്ങളെ ഓരോന്നായി മോദി സര്‍ക്കാര്‍ തകര്‍ക്കുമ്പോള്‍


അതേസമയം, സമരക്കാരെ ഡല്‍ഹിയില്‍ എത്തിക്കാനുദ്ദേശിച്ചിരുന്ന ട്രെയിനുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെ ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. “പ്രതിഷേധക്കാരെ ഡല്‍ഹിയിലെത്തിക്കാനുദ്ദേശിച്ച ട്രെയിനുകള്‍ നിങ്ങള്‍ റദ്ദാക്കി. അവരെ ഹിംസയിലേക്ക് നയിക്കാനാണോ ശ്രമം. എനിക്ക് ചുറ്റും പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് പൊലീസ് സംരക്ഷണം വേണ്ടെന്ന് പലതവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സംരക്ഷണം എന്നെ രക്ഷിക്കില്ല.” – ഹസാരെ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.