റലേഗോണ്‍ സിദ്ദി: ലോക്പാല്‍-ലോകായുക്ത ആക്ടുകള്‍ നിലവില്‍ വരാനെടുക്കുന്ന കാലതാമസത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ അന്നാ ഹസാരെ വീണ്ടും നിരാഹാര സമരത്തിന് തയ്യാറെടുക്കുന്നു. ഒക്ടോബര്‍ 2 മുതല്‍ കേന്ദ്രത്തിനെതിരായ സമരനടപടികള്‍ കൈക്കൊള്ളുമെന്ന് അന്നാ ഹസാരെ അറിയിച്ചു.
“ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് എന്റെ ഗ്രാമമായ റലേഗോണ്‍ സിദ്ദിയിലാണ് സമരമാരംഭിക്കുക. ലോക്പാല്‍-ലോകായുക്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ ഇനിയും കാലതാമസമെടുത്തുകൂടാ. അഴിമതിയ്‌ക്കെതിരെ പോരാടാനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗങ്ങളാണ് ഈ നിയമങ്ങള്‍.” ഹസാരെ പറയുന്നു.
രാജ്യത്തു നടക്കുന്ന അഴിമതിയില്‍ അറുപതോ എഴുപതോ ശതമാനത്തിന്റെ കുറവുവരുത്താന്‍ ലോക്പാല്‍ ആക്ടിന് സാധിക്കുമെന്ന് ഹസാരെ വിശദീകരിക്കുന്നു. താന്‍ 2011ല്‍ ന്യൂദല്‍ഹിയില്‍ നടത്തിയ സമരങ്ങള്‍ അന്നത്തെ യു.പി.എ സര്‍ക്കാരിനുമേന്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. 2013ല്‍ ലോക്പാല്‍ ആക്ട് പാസ്സാകാനുള്ള കാരണവും അതാണ്, അദ്ദേഹം പറയുന്നു.
ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം ലോക്പാല്‍ നിയമനിര്‍മിതി തടഞ്ഞു വച്ചിരിക്കുകയാണെന്നും അന്നാഹസാരെ ആരോപിക്കുന്നു.
“അഴിമതി രഹിത ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പു പ്രചരണ മുദ്രാവാക്യം. ലോക്പാല്‍ നിയമം അദ്ദേഹം നടപ്പില്‍ വരുത്തുമെന്നു തന്നെ എല്ലാവരും വിശ്വസിച്ചു. രാജ്യത്തെ നിരവധി ജനങ്ങള്‍ തങ്ങളുടെ പ്രതിക്ഷകള്‍ അദ്ദേഹത്തിലര്‍പ്പിച്ചിരുന്നു.” ഹസാരെ പറയുന്നു.
എന്നാല്‍, ലോക്പാല്‍ അക്ട് കൊണ്ടുവരുന്നതിനു പകരം അദ്ദേഹം ചെയ്തത്, ആക്ടിന്റെ ശക്തി ക്ഷയിപ്പിക്കുന്ന മറ്റു ചില നിയമങ്ങള്‍ പാസ്സാക്കുക എന്നതാണ്. സുപ്രീം കോടതി പോലും ലോക്പാല്‍ നിലവില്‍ വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഒഴിവുകഴിവുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം, ഹസാരെ മാധ്യമങ്ങളോടു പറഞ്ഞു.
പാര്‍ലമെന്റിലെ ഇരുസഭകളും പാസ്സാക്കിക്കഴിഞ്ഞ ബില്ല് എങ്ങിനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുക എന്നും ഹസാരെ ചോദിക്കുന്നു. “രാജ്യത്തെ ഭരണഘടനയനുസരിച്ച് കൊണ്ടുവന്നിട്ടുള്ള ബില്ലുകളാണിവ. എങ്ങിനെയാണ് അദ്ദേഹത്തിനിത് തടഞ്ഞുവയ്ക്കാനാവുക?”
സുപ്രീം കോടതി നിര്‍ദ്ദേശത്തിനു ശേഷവും ആക്ട് കൊണ്ടുവരാന്‍ മടിക്കുന്നത് സര്‍ക്കാരിന്റെ “ഈഗോ” കാരണമാണെന്നും ഹസാരെ പറയുന്നു.