പി.എസ്. വിനോദ് രാജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷമെത്തിയ തമിഴ് ചിത്രമായിരുന്നു കൊട്ടുക്കാളി. താഴ്ന്ന ജാതിയില്‍ നിന്നുള്ള ഒരാളെ സ്നേഹിക്കുന്ന മീന എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ. ചിത്രത്തില്‍ മീനയായി എത്തുന്നത് മലയാളിയായ അന്ന ബെന്നായിരുന്നു. നടിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു കൊട്ടുക്കാളി.
സിനിമയില്‍ അന്ന ബെന്നിന് ഒരു ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ് ഡയലോഗിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ലെന്നും നിങ്ങള്‍ക്ക് ഒരു ഡയലോഗ് മാത്രമേയുള്ളൂവെന്നും സംവിധായകന്‍ വളരെ കോണ്‍ഫിഡന്‍സോടെയായിരുന്നു തന്നോട് പറഞ്ഞതെന്ന് പറയുകയാണ് അന്ന ബെന്‍.
അത് കേട്ടതും താന്‍ ആകെ സന്തോഷത്തിലായെന്നും പക്ഷെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് താന്‍ ആദ്യമേ കുറേ കാര്യങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മനസിലാക്കുന്നതെന്നും നടി പറയുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അന്ന.
‘ഈ പ്രൊജക്റ്റുമായി സംവിധായകന്‍ എന്റെ അടുത്തേക്ക് വരുമ്പോള്‍ അദ്ദേഹം വളരെ കോണ്‍ഫിഡന്‍സോടെ പറഞ്ഞ ഒരു കാര്യമുണ്ട്. ‘നിങ്ങള്‍ക്ക് തമിഴ് ഡയലോഗിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങള്‍ക്ക് ഒരു ഡയലോഗ് മാത്രമേയുള്ളൂ’ എന്നായിരുന്നു (ചിരി).
അത് കേട്ടതോടെ ഞാന്‍ ആകെ സന്തോഷത്തിലായി. ആ ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് ഞാന്‍ ആദ്യമേ കുറേ കാര്യങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മനസിലാക്കുന്നത്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഒരുപാട് വ്യത്യസ്തതകള്‍ ഈ കഥക്കും അതിന്റെ പശ്ചാത്തലത്തിനും ഉണ്ടായിരുന്നു.
എനിക്ക് അത്തരം കാര്യങ്ങളില്‍ ഒരു എക്‌സ്പീരിയന്‍സും ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെയുള്ള കാര്യങ്ങളുടെ ബാക്‌സ്റ്റോറിയൊക്കെ അറിയുന്നത് സംവിധായകനില്‍ നിന്നാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്.
അവിടെയുള്ള ആളുകളുടെ കൂടെ നില്‍ക്കാനും അവരോട് സംസാരിക്കാനും അവരുടെ ജീവിതത്തെ കുറിച്ച് അറിയാനുമുള്ള അവസരം ലഭിച്ചിരുന്നു. അത് മീന എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ ചെയ്യാനായി എന്നെ സഹായിച്ചിട്ടുണ്ട്,’ അന്ന ബെന്‍ പറയുന്നു.
കൊട്ടുക്കാളി:
പാണ്ടിയെന്ന കഥാപാത്രമായി സിനിമയില്‍ സൂരിയായിരുന്നു എത്തിയത്. 74ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോറം വിഭാഗത്തില്‍ കൊട്ടുക്കാളി തെരഞ്ഞെടുക്കപ്പെടുകയും ഒപ്പം സിനിമയുടെ സ്‌ക്രീനിങ്ങും നടക്കുകയും ചെയ്തിരുന്നു. ശിവകാര്‍ത്തികേയന്റെ ഏഴാമത്തെ നിര്‍മാണ സിനിമയായിരുന്നു ഇത്.
Content Highlight: Anna Ben Talks About Kottukkaali Movie