ഏറെ പ്രതീക്ഷകളുമായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പൃഥ്വിരാജ് നായകനായ കാപ്പ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി, അന്ന ബെന്‍, ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി.ആര്‍. ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്.
സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ അപര്‍ണയും അന്ന ബെന്നും അവതരിപ്പിച്ച കഥാപാത്രങ്ങളായ പ്രമീളയും ബിനുവും ഒരുപാട് ട്രോളുകള്‍ നേരിട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇന്ദുഗോപന്‍ വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അന്ന ബെന്‍.
കഥ കേട്ടതിന് ശേഷം തീരുമാനമെടുക്കുമെന്നും ഒന്നാം ഭാഗത്തിലുണ്ടായിരുന്നതിനാല്‍ ചിത്രത്തെ പരിഗണിക്കുമെന്നും പോപ്പര്‍ സ്റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന പറഞ്ഞു.
‘തീര്‍ച്ചയായും ആദ്യം കഥ കേള്‍ക്കും. കഥ കേട്ടതിന് ശേഷമേ തീരുമാനമെടുക്കൂ. അതിപ്പോല്‍ കാപ്പയായലും ഏത് പടമായാലും അങ്ങനെയാണ്. എടുക്കുകയാണെങ്കില്‍ സ്‌പെക്ടാക്കിളാക്കി മാറ്റാന്‍ ശ്രമിക്കുന്ന പടമായിരിക്കും അത്. പക്ഷേ അതിനെ പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. പക്ഷേ അതിനെ ഞാന്‍ പരിഗണിക്കാതിരിക്കില്ലല്ലോ. ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്നതാണല്ലോ,’ അന്ന ബെന്‍ പറഞ്ഞു.
ത്രിശങ്കുവാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന അന്നയുടെ പുതിയ ചിത്രം. അച്ഛ്യുത് വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. ‘അന്ധാദുന്‍’, ‘മോണിക്ക ഒ മൈ ഡാര്‍ലിങ്’ തുടങ്ങിയ ചിത്രങ്ങള്‍കൊണ്ട് ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്.
സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍, ശിവ ഹരിഹരന്‍, ഫാഹിം സഫര്‍, സെറിന്‍ ഷിഹാബ് തുടങ്ങിയവരാണ് ത്രിശങ്കുവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: anna ben talks about kaapa 2