Advertisement
Entertainment
ഇഷ്ട കാമിയോ ആരാണെന്ന് എങ്ങനെ പറയും? ക്യാപ്റ്റന്‍ ദുല്‍ഖറാണെന്ന് ഞാന്‍ അറിയാന്‍ കുറേ വൈകി: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 02, 11:28 am
Tuesday, 2nd July 2024, 4:58 pm

നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസിനെ നായകനാക്കി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സിനിമയില്‍ അന്ന ബെന്നും അഭിനയിച്ചിരുന്നു. കല്‍ക്കിയില്‍ ഇത്രയധികം പേര്‍ കാമിയോ ആയി വരുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് അന്ന ബെന്‍.

ചില ആളുകളുടെ പേരുകള്‍ സെറ്റില്‍ പറയുന്നത് താന്‍ കേട്ടിരുന്നുവെന്നും പക്ഷെ അവരൊക്കെ കല്‍ക്കിയില്‍ ആരായാണ് വരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്ന. സിനിമയുടെ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പോലും തനിക്ക് ധാരണയില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘കല്‍ക്കിയില്‍ ഇത്രയധികം കാമിയോസ് ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ചില പേരുകള്‍ സെറ്റില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. പക്ഷെ അവരൊക്കെ ഈ സിനിമയില്‍ ആരായാണ് വരുന്നതെന്നോ എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു. സംവിധായകനോ മെയിന്‍ ടീമിനോയല്ലാതെ മറ്റാര്‍ക്കും ഇത് വ്യക്തമായി അറിയില്ല എന്നതാണ് സത്യം. കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പോലും എനിക്ക് ധാരണയില്ലായിരുന്നു. സിനിമ കണ്ടപ്പോഴാണ് അതില്‍ ഇത്രയും ആളുകള്‍ ഉണ്ടെന്നും അവര്‍ ഈ കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്നും എനിക്ക് മനസിലാകുന്നത്.

എന്റെ ഫേവറൈറ്റ് കാമിയോ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ എങ്ങനെയാണ് പേര് പറയുക. അത് സ്‌പോയിലറാകില്ലേ (ചിരി). കല്‍ക്കിയില്‍ ദുല്‍ഖറുള്ള കാര്യം ഞാന്‍ അറിയുന്നത് കുറേ കഴിഞ്ഞിട്ടാണ്. അത് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ആ കഥാപാത്രം ഏതാകുമെന്ന് ഞാന്‍ ചിന്തിച്ചു. ആരായിട്ടാകും എത്തുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. പടം കണ്ടപ്പോഴാണ് മനസിലായത്,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Talks About Dulquer Salmaan