|

ആ ബോളിവുഡ് നടിക്ക് മലയാളി ആയതുകൊണ്ട് എന്നോട് പ്രത്യേക സ്‌നേഹമായിരുന്നു; കുമ്പളങ്ങി നെറ്റ്സ് കണ്ടിട്ടില്ല: അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍. നാല് വര്‍ഷത്തെ കരിയറില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രം ചെയ്ത അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി എന്ന ചിത്രത്തിലെ അന്നയുടെ പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ദീപിക പദുക്കോണിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് അന്ന ബെന്‍. താനും ദീപിക പദുകോണും ഒന്നിച്ച് കുറച്ച് ദിവസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നിച്ചുള്ള ഭാഗങ്ങള്‍ സിനിമയില്‍ കുറവായിരുന്നെന്ന് അന്ന ബെന്‍ പറഞ്ഞു.

മലയാളി ആണെന്ന് അറിഞ്ഞപ്പോള്‍ ദീപികയ്ക്ക് തന്നോട് വലിയ സ്‌നേഹമായിരുന്നെന്നും ദീപിക മലയാള സിനിമകള്‍ കാണാറുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ത്തു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ രണ്‍വീര്‍ സിങ് കണ്ട് ചിത്രത്തെ കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ടെന്ന് ദീപിക പറഞ്ഞെന്നും അന്ന കൂട്ടിച്ചേര്‍ത്തു. വനിത മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്ന ബെന്‍.

‘ഞാനും ദീപിക മാഡവും കുറച്ചുദിവസങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ രണ്ടുപേരും ഉള്ള സീനുകള്‍ സിനിമയില്‍ കുറവായിരുന്നു. മലയാളിയാണെന്ന് കേട്ടപ്പോള്‍ വലിയ സ്‌നേഹമായിരുന്നു അവര്‍ക്ക്. മലയാള സിനിമ അവര്‍ കാണാറുണ്ട്. സെറ്റില്‍ വച്ച് അവര്‍ എന്നോടു പറഞ്ഞു, ‘കുമ്പളങ്ങി നൈറ്റ്‌സ്’ അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, രണ്‍വീര്‍ സിങ് സിനിമ കാണുകയും അവരോടു സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്ന്.

വളരെ പ്രഫഷണല്‍ ആണ്. കൃത്യസമയത്ത് വരിക ഷൂട്ടിങ് കഴിഞ്ഞ് കൃത്യസമയത്തു തിരിച്ചുപോവുക അതാണ് രീതി. പിന്നെ, അവര്‍ക്ക് എന്നോടുള്ള പ്രത്യേക താത്പര്യം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ ഭാഷയുടെ കാര്യത്തില്‍ ഞങ്ങള്‍ തുല്യദുഃഖിതര്‍ ആയിരുന്നു. എനിക്കും തെലുങ്ക് അറിയില്ല. ദീപിക മാഡത്തിനും തെലുങ്ക് അറിയില്ല,’ അന്ന ബെന്‍ പറയുന്നു.

Content Highlight: Anna Ben Talks  About Deepika Padukone