നല്ലത് പറയിപ്പിക്കണമെന്ന് പറഞ്ഞുപഠിപ്പിക്കുന്നതിനോട് യോജിപ്പില്ല; നോ ആണെന്ന് തോന്നിയാല്‍ നോ പറയണം: അന്ന ബെന്‍
Film News
നല്ലത് പറയിപ്പിക്കണമെന്ന് പറഞ്ഞുപഠിപ്പിക്കുന്നതിനോട് യോജിപ്പില്ല; നോ ആണെന്ന് തോന്നിയാല്‍ നോ പറയണം: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th October 2023, 1:43 pm

നമുക്ക് ചുറ്റുമുള്ള എല്ലാവരെയും കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന് പറഞ്ഞുപഠിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അന്ന ബെന്‍. ഏത് അവസരത്തിലും ഒരുകാര്യത്തില്‍ നോ പറയാന്‍ തോന്നിയാല്‍ നോ തന്നെ പറയണമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയില്‍ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ പ്രയാസമാണെന്നും, നല്‍കുന്ന ഏതൊര് കഥാപാത്രവും ചെയ്യാന്‍ കഴിവുള്ളയാളാണ് നമ്മളെന്ന് തെളിയിക്കണമെന്നും അന്ന പറയുന്നു.

‘എല്ലാവരെയും കൊണ്ട് നല്ലത് പറയിപ്പിക്കണമെന്നും അതാണ് ഞങ്ങളുടെ സന്തോഷമെന്നും ചെറുപ്പം മുതല്‍ വീട്ടില്‍ നിന്നും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഒട്ടുമിക്ക പാരന്‍സും അവരുടെ മക്കളോട് പറയുന്നതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അന്നത് ഓക്കെയായിരുന്നു.

എനിക്ക് മുമ്പത് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. കാരണം നമ്മുടെ കുട്ടികളെ പറ്റി മറ്റുള്ളവര്‍ നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് സന്തോഷമാണ്. പക്ഷേ ഇപ്പോള്‍ എനിക്കത് മനസിലാക്കാന്‍ പറ്റുന്നില്ല.

ഞാന്‍ ഇപ്പോള്‍ കൗണ്ടര്‍ ചെയ്ത് അതെങ്ങനെ മാറ്റണമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകാരണം ഞാന്‍ വളരെ പീപ്പിള്‍ പ്ലീസിങ് ബിഹേവിയര്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്റെ ജീവിതത്തിലുടനീളം അതുണ്ട്. ഞാന്‍ ഈ വ്യക്തിയെയും ആള്‍ക്കൂട്ടത്തെയും പ്ലീസുചെയ്യണം, ഞാന്‍ മറ്റുള്ളവരുടെ മുന്നില്‍ നല്ലൊരു വ്യക്തിയാകണം എന്നുള്ളതൊക്കെ എനിക്ക് ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കില്ല.

കാരണം നമ്മള്‍ ആരെയും പ്ലീസുചെയ്ത് ജീവിക്കേണ്ട ആവശ്യമില്ല. ഏത് സിറ്റുവേഷനിലും ഒരുകാര്യത്തില്‍ നോ പറയാന്‍ തോന്നിയാല്‍ നോ തന്നെ പറയണം. അതിനുള്ള ധൈര്യവും അറിവും നമുക്കുണ്ടാകണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

സിനിമയില്‍ സ്വന്തം ഐഡിന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ പ്രയാസമാണ്. അതെല്ലാവര്‍ക്കും ഉള്ളതുപോലെ തന്നെയാണ്. നിങ്ങള്‍ക്ക് നല്‍കുന്ന ഏത് കഥാപാത്രവും ചെയ്യാന്‍ കഴിവുള്ള ആളാണ് നിങ്ങളെന്നകാര്യം തെളിയിക്കണം,’ അന്ന ബെന്‍ പറഞ്ഞു.

Content Highlight: Anna Ben Talk About Saying No