മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍.
മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍.
നാല് വര്‍ഷത്തെ കരിയറില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രം ചെയ്ത അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൈയടി നേടിയ കൂട്ടുകാലി എന്ന തമിഴ് ചിത്രത്തിലും അന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി എന്ന ചിത്രത്തിലെ അന്നയുടെ പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപികാ പദുകോണ്‍ തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രത്തില്‍ അന്ന അവതരിപ്പിച്ച കൈറ എന്ന കഥാപാത്രം ഒരുപാട് കൈയടികള്‍ നേടി. ഡിസ്റ്റോപ്പിയന്‍ ലോകത്തെ യോദ്ധാവായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ചിത്രത്തിൽ ദീപികയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അന്ന. രണ്ടുപേരും ഒന്നിച്ചുള്ള സീനുകൾ കുറവായിരുന്നുവെന്നും താൻ മലയാളിയാണെന്ന് കേട്ടപ്പോൾ ദീപികക്ക് വലിയ സ്നേഹമായിരുന്നുവെന്നും അന്ന പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് സംസാരിച്ചെന്നും രണ്ട് പേർക്കും തെലുങ്ക് ഒട്ടും അറിയില്ലായിരുന്നുവെന്നും അന്ന പറഞ്ഞു. വി.ആർ ജ്യോതിഷിന് നൽകിയ അഭിമുഖത്തിൽ വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അന്ന ബെൻ.
‘ഞാനും ദീപിക മാഡവും കുറച്ചുദിവസങ്ങൾ ഒരുമിച്ചുണ്ടായിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും ഉള്ള സീനുകൾ കുറവായിരുന്നു. മലയാളിയാണെന്നു കേട്ടപ്പോൾ വലിയ സ്നേഹമായിരുന്നു അവർക്ക്. മലയാള സിനിമ അവർ കാണാറുണ്ട്. സെറ്റിൽ വച്ച് അവർ എന്നോടു പറഞ്ഞു, കുമ്പളങ്ങി നൈറ്റ്സ് അവർക്ക് കാണാൻ കഴിഞ്ഞില്ല.
പക്ഷേ, രൺവീർ സിങ് സിനിമ കാണുകയും അവരോടു സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിട്ടുണ്ട് എന്ന്. വളരെ പ്രൊഫഷണൽ ആണ്. കൃത്യസമയത്തു വരുക, ഷൂട്ടിങ് കഴിഞ്ഞ് കൃത്യസമയത്ത് തിരിച്ചുപോവുക അതാണ് രീതി. പിന്നെ അവർക്ക് എന്നോടുള്ള പ്രത്യേക താത്പര്യം എന്തായിരുന്നുവെന്ന് ചോദിച്ചാൽ ഭാഷയുടെ കാര്യത്തിൽ ഞങ്ങൾ തുല്യദുഃഖിതർ ആയിരുന്നു. എനിക്കും തെലുങ്ക് അറിയില്ല. അവർക്കും അറിയില്ല,’അന്ന ബെൻ പറയുന്നു
Content Highlight: Anna Ben Talk About Deepika Padukon