കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് അന്ന ബെന്‍. കുമ്പളങ്ങിയിലെ ബേബി മോളേയും കപ്പേളയിലെ ജെസിയേയും ഹെലനേയും ഇരു കയ്യും നീട്ടിയാണ് മലയാളക്കര സ്വീകരിച്ചത്.
സൈമ അവാര്‍ഡ് നിശയില്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയ അന്നയുടെ പുതിയ ലുക്ക് അന്നു മുതല്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ്. ചുവന്ന നിറത്തിലുള്ള അന്നയുടെ വേഷം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ആ വേഷത്തിലെ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് താരം.
തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. നടിമാരായ ഐശ്വര്യ ലക്ഷ്മി, അപര്‍ണ ബാലമുരളി തുടങ്ങിയവരും കമന്റ്‌ബോക്‌സില്‍ തങ്ങളുടെ സ്‌നേഹം പങ്കുവെക്കുന്നുണ്ട്.
മൂന്ന് ദിവസം മുന്‍പ് സൈമയുടെ അവാര്‍ഡ് സ്വീകരിക്കുന്നതും മറ്റ് ഒരുക്കങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ‘ഈ പുരസ്‌കാരത്തിനും അതി മനോഹരമായ സായാഹ്നത്തിനും സൈമയ്ക്ക് നന്ദി. എന്നെ സ്‌നേഹിക്കുന്ന, എപ്പോഴും എന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും, എന്റെ പ്രിയപ്പെട്ട കുമ്പളങ്ങി നൈറ്റ്‌സ് കുടുംബത്തിനും നന്ദി,’ എന്ന ക്യാപ്ഷനോടെയാണ് അന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.
മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡാണ് സൈമ വേദിയില്‍ താരം സ്വന്തമാക്കിയത്. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന, സാറാസ് എന്ന ചിത്രത്തിലൂടെയായിരുന്നു അവസാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ടൊവിനോ നായകനാകുന്ന നാരദന്‍, വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന നൈറ്റ് ഡ്രൈവ്, പൃഥ്വിരാജ് ചിത്രം കാപ്പ, രഞ്ജന്‍ പ്രമോദ് ചിത്രം എന്നിട്ട് അവസാനം തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Anna Ben shares new photoshoot