അഭിനയിക്കേണ്ട കാര്യമില്ലല്ലോ, പപ്പയും മകളുമായി അങ്ങ് ജീവിച്ചാല്‍ പോരെയെന്ന് ജൂഡേട്ടന്‍ പറഞ്ഞു; അന്ന ബെന്‍
Movie Day
അഭിനയിക്കേണ്ട കാര്യമില്ലല്ലോ, പപ്പയും മകളുമായി അങ്ങ് ജീവിച്ചാല്‍ പോരെയെന്ന് ജൂഡേട്ടന്‍ പറഞ്ഞു; അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th July 2021, 8:00 pm

കൊച്ചി: അന്ന ബെന്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് സാറാസ്. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്നും പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും അച്ഛനും മകളുമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

അച്ഛനോടൊപ്പം അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് അന്ന. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന മനസ്സു തുറന്നത്.

‘അത് വലിയ സന്തോഷമാണ്. പപ്പയ്ക്ക് ഒപ്പമാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ നല്ല എക്‌സൈറ്റഡായിരുന്നു. പപ്പയ്ക്ക് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ വളരെ അനായാസമായി പപ്പ ആ ക്യാരക്ടര്‍ ചെയ്തു.

ഷൂട്ടിന്റെ സമയത്ത് തന്നെ ഞങ്ങള്‍ പരസ്പരം അഭിനയം വിലയിരുത്തും. ഒരുപാട് നാളായി അഭിനയിക്കാത്തതിന്റെ ബുദ്ധിമുട്ട് പപ്പയ്ക്കുണ്ടായിരുന്നു. മുമ്പൊക്കെ നാടകത്തില്‍ സജീവമായിരുന്നു പപ്പ.

അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. പക്ഷേ,പപ്പ അഭിനയിക്കുന്നത് നേരിട്ട് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഷൂട്ടിംഗ് സമയത്ത് പപ്പയുടെ ഓരോ ചലനവും നന്നായി ശ്രദ്ധിച്ചു.

അഭിനയിക്കേണ്ട കാര്യമില്ലല്ലോ. പപ്പയും മകളുമായി ജീവിച്ചാല്‍ മതിയല്ലോയെന്ന് ജൂഡേട്ടന്‍ പറഞ്ഞതും ധൈര്യമായി,’ അന്ന പറഞ്ഞു.

അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് സാറാസ്. ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയത്തെ വിമര്‍ശിച്ചും സ്വീകരിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

മല്ലിക സുകുമാരന്‍, ബെന്നി പി. നായരമ്പലം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.

ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.

ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Anna Ben Shares Experience Of Sara’s