മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍.
നാല് വര്‍ഷത്തെ കരിയറില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രം ചെയ്ത അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൈയടി നേടിയ കൂട്ടുകാലി എന്ന തമിഴ് ചിത്രത്തിലും അന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡിയാണ് അന്നയുടെ പുതിയ ചിത്രം. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപികാ പദുകോണ്‍ തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രത്തില്‍ അന്ന അവതരിപ്പിച്ച കൈറ എന്ന കഥാപാത്രം ഒരുപാട് കൈയടികള്‍ നേടി.
ഡിസ്റ്റോപ്പിയന്‍ ലോകത്തെ യോദ്ധാവായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അന്ന ബെന്‍.
രണ്ടു വർഷത്തോളം സിനിമ ഇറങ്ങാനായി താൻ കാത്തിരുന്നുവെന്നും ഇത്രയും നാൾ തനിക്കൊന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അന്ന ബെൻ പറയുന്നു.
‘ഞാൻ രണ്ട് വർഷമായി കാത്തിരിക്കുകയായിരുന്നു സിനിമ വരാനായി. കാരണം ഇത്രയും കാലം എനിക്കൊന്നും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സിനിമ. അവർ അത്രയും എക്സ്ക്ലൂസീവായി വെച്ച കാര്യമായിരുന്നു. അങ്ങനെ ഒരു സമയമായിരുന്നു അത്. സിനിമയെ കുറിച്ച് സംസാരിക്കാനായി ഞാൻ കാത്തിരിക്കുകയായിരുന്നു.
അച്ഛനും വലിയ ഹാപ്പിയാണ്. ഷൂട്ട് കഴിഞ്ഞ് പരിക്കൊക്കെ പറ്റിയപ്പോൾ അപ്പ പറഞ്ഞത്, സിനിമ കഴിയുമ്പോഴേക്കും അതൊക്കെ മറക്കും എന്നായിരുന്നു. വേദന ഒന്നും അത്ര കാര്യം ഉണ്ടാവില്ല. എല്ലാവരും ഇങ്ങനെ വർക്ക് ചെയ്തിട്ടാണ് സിനിമ ചെയ്യുകയെന്നും ആക്ഷൻ സീക്വൻസ് എടുക്കാൻ നല്ല ബുദ്ധിമുട്ടാണെന്നുമെല്ലാം അപ്പ പറഞ്ഞിരുന്നു,’അന്ന ബെൻ പറയുന്നു.
Content Highlight: Anna Ben Says That She Was Waiting For Kalki Release