| Tuesday, 2nd July 2024, 11:24 am

എന്റെ ആ രണ്ട് സിനിമകള്‍ ഇഷ്ടമാണെന്ന് നാഗ് അശ്വിന്‍; കല്‍ക്കിയിലേക്ക് വിളിച്ചതിന്റെ കാരണവും പറഞ്ഞു: അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസായിരുന്നു നായകന്‍. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പടാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം തുടങ്ങി വന്‍ താരനിര തന്നെ കല്‍ക്കിയിലുണ്ട്.

ഇവര്‍ക്ക് പുറമെ മലയാളികളുടെ പ്രിയതാരങ്ങളായ ശോഭന, അന്ന ബെന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ഈ സിനിമയില്‍ ഒന്നിച്ചിരുന്നു. കല്‍ക്കിയില്‍ അന്ന ബെന്‍ എത്തിയത് കൈറ എന്ന കഥാപാത്രമായിട്ടാണ്. മലയാളത്തിലെ ഏത് സിനിമ കണ്ടാണ് സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അന്ന. ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നാഗ് അശ്വിന്‍ ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ടെന്നാണ് അന്ന ബെന്‍ പറയുന്നത്. തന്റെ ഏത് സിനിമ കണ്ടാണ് കല്‍ക്കിയിലേക്ക് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സും കപ്പേളയും ഒരുപാട് ഇഷ്ടമായെന്ന് നാഗ് അശ്വിന്‍ പറഞ്ഞിരുന്നുവെന്നും അങ്ങനെയുള്ള രണ്ടുമൂന്ന് സിനിമകള്‍ അദ്ദേഹം കണ്ടിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

‘നാഗ് സാര്‍ സത്യത്തില്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. എന്റെ സിനിമകളില്‍ അദ്ദേഹം കുമ്പളങ്ങി നൈറ്റ്‌സ് ഒരുപാട് ഇഷ്ടമായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നെ കപ്പേളയെ കുറിച്ചും പറഞ്ഞു. അങ്ങനെയുള്ള രണ്ടുമൂന്ന് സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് സാര്‍ പറഞ്ഞിരുന്നു. കല്‍ക്കിയില്‍ കൈറയെന്ന കഥാപാത്രത്തെ അദ്ദേഹത്തിന് പേഴ്‌സണലി ഒരുപാട് ഇഷ്ടമാണെന്നും അത് ഞാന്‍ ചെയ്താല്‍ നന്നാകുമെന്ന് തോന്നിയെന്നും സാര്‍ പറഞ്ഞു. അങ്ങനെയാണ് ശരിക്കും ഞാന്‍ കല്‍ക്കിയിലേക്ക് വരുന്നത്,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Says That Director Nag Ashwin Invited Her To Kalki After Seeing Which Malayalam Movie

We use cookies to give you the best possible experience. Learn more