Entertainment
കൈറ ചെറിയ സ്‌പേസില്‍ ഉള്ളതെന്ന് അറിയാമായിരുന്നു; വലിയ പ്രൊജക്റ്റായത് കൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 06, 02:37 am
Saturday, 6th July 2024, 8:07 am

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഇത്. വലിയ താരനിര ഒന്നിച്ച കല്‍ക്കിയില്‍ മലയാളിയായ അന്ന ബെന്നും അഭിനയിച്ചിരുന്നു.

സിനിമയുടെ തിരക്കഥ വായിച്ചെങ്കിലും തനിക്ക് കഥ മുഴുവന്‍ അറിയില്ലായിരുന്നുവെന്ന് പറയുകയാണ് അന്ന ബെന്‍. ദി നെക്സ്റ്റ് 14 മിനിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്നെ കല്‍ക്കിക്ക് വേണ്ടി സിനിമയുടെ പ്രൊഡക്ഷന്‍ ടീമായിരുന്നു ആദ്യം സമീപിച്ചതെന്നും പിന്നീട് നാഗ് അശ്വിനുമായി നടന്ന സൂം മീറ്റില്‍ അദ്ദേഹം തന്നോട് കൈറയെ കുറിച്ച് പറയുകയായിരുന്നെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

‘തിരക്കഥ വായിച്ചെങ്കിലും എനിക്ക് സിനിമയുടെ കഥ മുഴുവന്‍ അറിയില്ലായിരുന്നു. എന്നെ കല്‍ക്കിക്ക് വേണ്ടി ആദ്യം സമീപിച്ചത് സിനിമയുടെ പ്രൊഡക്ഷന്‍ ടീമാണ്. അതിന് ശേഷമാണ് സംവിധായകനുമായി സൂം മീറ്റ് നടന്നത്. അതില്‍ എന്നോട് കൈറയെ കുറിച്ചാണ് പറഞ്ഞു തന്നത്. അതിന്റെ ഇടയില്‍ സിനിമയില്‍ വേറെയും കുറേ കഥകള്‍ നടന്നു പോകുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

എന്റേത് അതിനിടയില്‍ വന്നുപോകുന്ന ഒരു പ്രധാനപ്പെട്ട റോളാണെന്നും പറഞ്ഞു. അത് അത്രയും വലിപ്പമില്ലാത്ത സ്‌പേസില്‍ നില്‍ക്കുന്നതാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇങ്ങനെയൊരു പ്രൊജക്റ്റ് വരുമ്പോള്‍ നമ്മള്‍ അതൊന്നും ആലോചിക്കില്ലല്ലോ. ഈ പ്രൊജക്റ്റ് തന്നെ വളരെ വലുതാണ്,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Says She Knew Kyra Was In A Small Space But Kalki Was A big Project