വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് അന്ന.
ഇപ്പോഴിതാ സ്വന്തം പപ്പയുടെ അഭിനയം ആദ്യമായി നേരില്‍ക്കണ്ടപ്പോഴുള്ള അനുഭവമാണ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പങ്കുവെക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലാണ് പപ്പ (ബെന്നി പി. നായരമ്പലം) അഭിനയിക്കുന്നത് താന്‍ ആദ്യമായി നേരില്‍ക്കണ്ടതെന്നാണ് അന്ന പറയുന്നത്.
‘പപ്പയും ഞാനും തമ്മില്‍ ഒരുമിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. പപ്പ അഭിനയിക്കുന്നത് ആദ്യമായി നേരിട്ട് കാണുന്നത് ഈ സിനിമയിലാണ്. അതുകൊണ്ട് ഷൂട്ടിംഗ് സമയത്ത് പപ്പയുടെ ഓരോ ചലനവും നന്നായി ശ്രദ്ധിച്ചു. അഭിനയിക്കേണ്ട കാര്യമില്ലല്ലോ പപ്പയും മകളുമായി ജീവിച്ചാല്‍ മതിയല്ലോയെന്നാണ് ജൂഡേട്ടന്‍ പറഞ്ഞത്.
നാടകകാലത്തെ കഥകളൊക്കെ പപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നീട് സിനിമയിലെത്തിയപ്പോഴും പുതിയ എഴുത്തുകാരന്‍ എന്ന നിലയില്‍ നല്ല സ്ട്രഗിള്‍ ചെയ്തിരുന്നതൊക്കെ പറഞ്ഞറിയാം. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല,’ അന്ന ബെന്‍ പറയുന്നു.
പപ്പക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ താന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നുവെന്നും പക്ഷേ പപ്പക്ക് കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ അന്ന പറഞ്ഞു. ആദ്യത്തെ ദിവസമൊഴിച്ച് പിന്നീടുള്ള ദിവസങ്ങളിലെല്ലാം പപ്പ വളരെ കൂളായാണ് അഭിനയിച്ചതെന്നും അന്ന കൂട്ടിച്ചേര്‍ത്തു.
അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സാറാസ്. ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയത്തെ വിമര്‍ശിച്ചും സ്വീകരിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.
ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.
ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം സംസാരിക്കുന്നു.
അനന്ത വിഷന്റെ ബാനറില്‍ ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് റിയാസ് ബാദര്‍ ആണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Anna Ben says about her fathers acting