കല്‍ക്കിയില്‍ 85 ശതമാനവും ഗ്രീന്‍മാറ്റായിരുന്നു എന്നും താന്‍ ഫ്‌ളോറില്‍ അല്ലാതെ ഷൂട്ട് ചെയ്തിട്ടില്ലെന്നും പറയുകയാണ് അന്ന ബെന്‍. നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസിനെ നായകനാക്കി എത്തിയ ചിത്രത്തില്‍ കൈറയെന്ന കഥാപാത്രമായാണ് താരമെത്തിയത്. ഫ്‌ളോറിന് അകത്ത് തന്നെയാണ് താന്‍ എല്ലാ സീനുകളും ചെയ്തതെന്നും അന്ന പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഫ്‌ളോറല്ലാതെ താന്‍ സിനിമയുടെ ഷൂട്ടിന് ഇടയില്‍ മരുഭൂമി കണ്ടിട്ടേയില്ലെന്നും അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ സിനിമയില്‍ 85 ശതമാനവും ഗ്രീന്‍മാറ്റായിരുന്നു. ഞാന്‍ ഫ്‌ളോറില്‍ അല്ലാതെ ഷൂട്ട് ചെയ്തിട്ടില്ല. ഫ്‌ളോറിന് അകത്ത് തന്നെയാണ് എല്ലാ സീനുകളും ചെയ്തത്. അല്ലാതെ ഞാന്‍ മരുഭൂമി കണ്ടിട്ടേയില്ല. അങ്ങനെയൊരു സ്ഥലമേ ഇല്ലായിരുന്നു. ഒരു ഫ്‌ളോറിനകത്ത് ഗ്രീന്‍ സ്‌ക്രീന്‍ ചെയ്ത് ബേസ് മാത്രം സാന്‍ഡ് ഇടുകയായിരുന്നു. എന്നിട്ട് മെഷീന്‍ അവിടെ വെക്കുകയായിരുന്നു. അങ്ങനെയൊക്കെയാണ് ഓരോ സീനുകളും കൊറിയോഗ്രാഫ് ചെയ്തത്.
സ്റ്റണ്ടുകളൊക്കെ ഇന്‍ഡോറിലാണ് ചെയ്തിരിക്കുന്നത്. ഔട്ട്‌ഡോറില്‍ ഒരു സീനുകളും ഉണ്ടായിരുന്നില്ല. ആ വേള്‍ഡ് ഉണ്ടാക്കിയെടുക്കുന്ന കാര്യത്തില്‍ സംവിധായകന്‍ നാഗ് അശ്വിന് നല്ല വിഷന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഫ്രെയിം ബൈ ഫ്രെയിം സ്‌കെച്ച് ചെയ്ത് സ്റ്റോറി ബോര്‍ഡൊക്കെ ഉണ്ടാക്കിയിരുന്നു. സാറിന് ഓരോ സീനും എങ്ങനെയാണ് വേണ്ടതെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നു.
എന്നോട് സീന്‍ പറയുമ്പോള്‍ ഇങ്ങനെയൊരു സ്ഥലമാണെന്ന് പറയുമായിരുന്നു. എങ്ങനെയാണ് ആ സീന്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു തന്നിരുന്നു. എന്തെങ്കിലും എക്‌സ്‌പ്ലോഷന്‍ ദൂരെ നടക്കുന്നുണ്ടെങ്കില്‍ അത് നടക്കുന്ന പോയിന്റ് എവിടെയെന്ന് പറഞ്ഞു തരും. അവിടെയൊരു ടേപ്പ് ഉണ്ടാകും, അത് നോക്കിയാണ് നമ്മള്‍ റിയാക്ട് ചെയ്യുന്നത്. പെട്ടെന്ന് നമ്മള്‍ തിരിയുന്നു അത് കാണുന്നു, റിയാക്ഷന്‍ കൊടുക്കുന്നു. നമ്മള്‍ എല്ലാം മൈന്‍ഡില്‍ വെച്ചിട്ടാണ് ചെയ്യുന്നത്. പക്ഷെ ഒന്നും നമ്മള്‍ നേരിട്ട് കാണുന്നില്ല എന്നതാണ് സത്യം,’ അന്ന ബെന്‍ പറഞ്ഞു.
Content Highlight: Anna Ben Says 85 Percentage Of Kalki Movie Was Shoot In Greenmat