| Wednesday, 3rd July 2024, 5:15 pm

അടുത്ത ഗുണ്ട ബിനു ആകുമോ എന്ന് ചോദിച്ചവര്‍ക്ക് പെര്‍ഫോമന്‍സിലൂടെ മറുപടി കൊടുത്ത് അന്നാ ബെന്‍, കൈറ സൂപ്പറാ

അമര്‍നാഥ് എം.

മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അന്നാ ബെന്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളുടെ മാത്രം ഭാഗമായിട്ടുള്ള താരം 2020ല്‍ പുറത്തിറങ്ങിയ കപ്പേളയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. മലയാളത്തിന് പുറത്തും മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

നിരവധി അവാര്‍ഡുകള്‍ നേടിയ കൂഴങ്കലിന് ശേഷം പി.എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന കോട്ടുകാലിയിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അന്നക്ക് സാധിച്ചു. ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച ചിത്രം റോട്ടന്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. തമിഴിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ച വര്‍ഷമാണ് 2024. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡിയിലൂടയാണ് അന്ന തെലുങ്കില്‍ അരങ്ങേറിയത്.

താരത്തിന്റെ കരിയറില്‍ ഏറ്റവുമധികം ട്രോളുകള്‍ ഏറ്റുവാങ്ങിയ സിനിമയായിരുന്നു കാപ്പ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആധാരമാക്കി ഷാജി കൈലാസ് സവിധാനം ചെയ്ത ചിത്രത്തിലെ ബിനു എന്ന കഥാപാത്രം ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ബിനു എന്ന കഥാപാത്രതെത ഗുണ്ട ബിനു എന്നാക്കിക്കൊണ്ടായിരുന്നു ട്രോളുകള്‍.

കല്‍ക്കിയില്‍ അന്നയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും താരത്തിന് നേരെ ട്രോളുകള്‍ വന്നിരുന്നു. കാപ്പയിലെ പോലുള്ള കഥാപാത്രമാകുമെന്നായിരുന്നു പലരുടെയും മുന്‍വിധി. എന്നാല്‍ സിനിമയില്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ അന്നക്ക് സാധിച്ചു. ഡിസ്റ്റോപ്പിയന്‍ ലോകത്തെ യോദ്ധാവായ കൈറ എന്ന കഥാപാത്രം അന്നയുടെ കൈയില്‍ ഭദ്രമായിരുന്നു.

ക്യാരക്ടര്‍ പോസ്റ്ററിലെ സീന്‍ സിനിമയില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലായിരുന്നു. ആക്ഷന്‍ സീനുകളിലും അന്നയുടെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങിയ ഇതിഹാസതുല്യരായ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന സിനിമയില്‍ തന്റെ പെര്‍ഫോമന്‍സും ആളുകളുടെ മനസില്‍ പതിപ്പിക്കാന്‍ അന്നക്ക് സാധിച്ചു. കൈറയിലൂടെ മലയാളസിനിമക്ക് പുറത്തും താരം തന്റെ കഴിവ് പ്രകടിപ്പിക്കുകയാണ്.

Content Highlight: Anna Ben’s Perfomance in Kalki 2898 AD

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more