| Friday, 8th February 2019, 4:33 pm

'എനിക്ക് എന്റെ ഒപ്പീനിയന്‍, ചേട്ടന് ചേട്ടന്റെ ഒപ്പീനിയന്‍' കുമ്പളങ്ങിയിലെ ബേബിമോള്‍ സംസാരിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

“പലതന്തയ്ക്ക് പിറക്കുകയെന്നത് ടെക്‌നിക്കലി പോസിബിളല്ല ചേട്ടാ” എന്ന് ഒരു പെണ്‍കുട്ടി രക്ഷിതാവ് ചമയുന്ന പുരുഷനോട് മുഖത്തുനോക്കി വളരെ സിമ്പിളായി പറയുമ്പോള്‍, ഒറ്റ തന്തയ്ക്ക് പിറക്കുകയെന്നത് എന്തോ മഹത്തായ സംഭാഷണമാണെന്ന രീതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയോടുള്ള മറുപടിയായി അത് മാറുകയാണ്. ശ്യാംപുഷ്‌കരന്റെ സ്‌ക്രിപ്റ്റില്‍ ഈ സംഭാഷണം സിനിമയില്‍ പറഞ്ഞത് വൈപ്പിന്‍കാരിയായ അന്ന ബെന്‍…. സിനിമയില്‍ പുതുമുഖമാണ് അന്ന ബെന്‍. എന്നാല്‍ അതിഗംഭീരമാണ് അന്നയുടെ പെര്‍ഫോമെന്‍സ്. കുമ്പളങ്ങി അനുഭവങ്ങളെക്കുറിച്ച് മുഖ്യകഥാപാത്രമായ അന്ന സംസാരിക്കുന്നു….

“പലതന്തയ്ക്ക് പിറക്കല്‍ ടെക്‌നിക്കലി പോസിബിളല്ല” , “എനിക്ക് എന്റെ ഒപ്പീനിയന്‍, ചേട്ടന് ചേട്ടന്റെ ഒപ്പീനിയന്‍” തുടങ്ങിയ അന്നയുടെ സംഭാഷണങ്ങള്‍ പലതരം വിലയിരുത്തലുകള്‍ക്ക് കാരണമാകുന്നുണ്ട്. മലയാള സിനിമയിലെ ആണത്തെ അഹന്തകളെ പൊളിച്ചുകളയുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ എന്നതാണവ. സിനിമ തുടര്‍ന്നുവന്നിരുന്ന സ്ത്രീവിരുദ്ധതയുടെ തിരുത്തല്‍ എന്ന രീതിയില്‍ പോലും ഈ സംഭാഷണങ്ങള്‍ ആഘോഷിക്കപ്പെടുന്നുണ്ട്. എന്തുതോന്നുന്നു?

അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. നമ്മള്‍ സാധാരണ ജീവിതത്തില്‍ നമ്മള്‍ പൊതുവെ ഉപയോഗിക്കുന്ന ഡയലോഗുകളാണ് പലതും. ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള കുട്ടിയാണ് ബേബി. അങ്ങനെയൊക്കെയാവണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നയാളാണ് ഞാന്‍. കുറേകാര്യങ്ങളൊക്കെ എനിക്ക് ബേബിയുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സും അതിലെ ബേബിയും തിയ്യേറ്ററുകളില്‍ കയ്യടി നേടുകയാണ്. ഇപ്പോള്‍ എന്തു തോന്നുന്നു?

ബേബി എന്ന കഥാപാത്രത്തിന്റെ ഫുള്‍ ക്രഡിറ്റും തിരക്കഥാ കൃത്ത് ശ്യാം പുഷ്‌കരനും സംവിധായകന്‍ മധു സി. നാരായണനുമാണ്. അവരാണ് അത്രയും റിലസ്റ്റിക്കായ കാരക്ടറിന് ലൈഫ് കൊടുത്തത്. അവര് പറഞ്ഞ നിര്‍ദേശം അനുസരിച്ചുവെന്നു മാത്രമേയുള്ളൂ. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന തരത്തിലുളള കഥാപാത്രമായിട്ടാണ് ബേബിയെ കാണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഇഷ്ടമായി.

കുമ്പളങ്ങി നൈറ്റ്‌സിലേക്കുള്ള അന്നയുടെ വരവെങ്ങനെയായിരുന്നു?

ഓഡീഷനിലൂടെയാണ് വന്നത്. ആഷിക് അബു ഷെയര്‍ ചെയ്ത കാസ്റ്റിങ് കോള്‍ കണ്ട് മെയില്‍ അയച്ചിരുന്നു. പിന്നീട് ഓഡീഷന് വിളിച്ചു. നാല് റൗണ്ട് ഓഡീഷനുശേഷമാണ് എന്നെ സെലക്ട് ചെയ്തത്.

അന്നയുടേതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ബേബി എന്ന കഥാപാത്രത്തിനുവേണ്ടി നടത്തിയിട്ടുണ്ടോ?

ഡയലോഗുകളെല്ലാം സ്‌ക്രിപ്റ്റിലുള്ളതാണ്. അതില്‍ ചിലത് നമ്മള്‍ക്ക് കംഫേര്‍ട്ടബിളായ രീതിയിലേക്ക് ചേര്‍ക്കാമെന്ന സ്‌പെയ്‌സ് ഉണ്ടായിരുന്നു. അവിടെ എല്ലാ അഭിനേതാക്കള്‍ക്കും അങ്ങനെ തന്നെയായിരുന്നു.

സ്‌ക്രിപ്റ്റ് മുഴുവനായി വായിച്ചശേഷമാണോ കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചത്?

ഓഡീഷന്‍ കഴിഞ്ഞശേഷം ശ്യാമേട്ടനാണ് ക്യാരക്ടറിനെക്കുറിച്ച് ഐഡിയ തന്നത്. എന്റെ ക്യാരക്ടറിനെക്കുറിച്ചാണ് കൂടുതലും പറഞ്ഞത്. സിനിമ റിലീസിനുശേഷം കണ്ടപ്പോഴാണ് മൊത്തം കഥ മനസിലാവുന്നത്.

അഭിനയരംഗത്ത് ആദ്യമാണോ?

ഫാഷന്‍ ഡിസൈനിങ്ങാണ് ഞാന്‍ പഠിച്ചത്. അതിനുശേഷം ഒരു വര്‍ഷം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്നു. നാട്ടില്‍ വന്ന സമയത്താണ് ഈ സിനിമയുടെ ഓഡീഷന് പോകുന്നത്.

ഇതിനിടയില്‍ നിജാദ് ബാബു തോമസ് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ പാടിയ കണ്ടേ കണ്ടേ എന്നുള്ള മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ ആദ്യമായാണ് ഒരു വേഷം ചെയ്യുന്നത്.

നാടകകൃത്തും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലത്തിന്റെ മകള്‍ അന്നയ്ക്ക് നാടകവുമായുള്ള ബന്ധം എങ്ങനെയാണ്? അഭിനയിച്ചിട്ടുണ്ടോ?

ഇല്ല. സ്‌കൂളിലൊക്കെ ചെറിയ ഡ്രാമ ചെയ്തിട്ടുണ്ട് എന്നല്ലാതെ. എനിക്ക് ഒട്ടും അറിയാത്ത ഒരു ഫീല്‍ഡാണ് അഭിനയം. പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല.

സിനിമയില്‍ തുടക്കക്കാരിയാണല്ലോ. ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് വര്‍ക്ക്‌ഷോപ്പോ മറ്റോ ഉണ്ടായിരുന്നോ?

നാലു റൗട്ട് ഓഡീഷനുണ്ടായിരുന്നു. ലാസ്റ്റ് ഓഡീഷനുശേഷം ദിലീഷ് പോത്തനുമായി ഒരു മണിക്കൂര്‍ ഇന്ററാക്ഷന്‍ ഉണ്ടായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിനായിട്ടുള്ള ചില നിര്‍ദേശങ്ങള്‍ അദ്ദേഹം തന്നിരുന്നു. അതാണ് ഞങ്ങള്‍ക്ക് കിട്ടിയ വര്‍ക്ക്‌ഷോപ്പ്. പിന്നെ സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള പ്രോസസ് തന്നെ പഠനം ആയിരുന്നു.

സിനിമയിറങ്ങി രണ്ടുദിവസമാകുമ്പോള്‍ പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എങ്ങനെയാണ്?

ബാംഗ്ലൂരില്‍ നിന്നും അല്ലാതെയും ഒരുപാട് പേര്‍ വിളിച്ചിരുന്നു. സന്തോഷം അറിയിച്ചു. പടം വീണ്ടും കാണുമെന്ന് പലരും പറഞ്ഞു. ക്യാരക്ടറിനെ ആളുകള്‍ സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം തോന്നുന്നു.

അഭിനയം വഴങ്ങുമെന്ന് അന്ന തെളിയിച്ചു കഴിഞ്ഞു. ഇനി സിനിമാ രംഗത്തു തന്നെ തുടരാനാണോ തീരുമാനം?

അപ്രതീക്ഷിതമായാണ് ഈ ഫീല്‍ഡിലേക്ക് വന്നത്. പക്ഷേ വളരെ ഹാപ്പിയായി ആസ്വദിച്ചാണ് ഇത് ചെയ്തത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും നല്ല അവസരങ്ങള്‍ വന്നാല്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്.

We use cookies to give you the best possible experience. Learn more