| Wednesday, 15th December 2021, 1:10 pm

പറഞ്ഞു തുടങ്ങിയപ്പോള്‍ കയ്യില്‍ നിന്നു പോയി, ആര്‍ക്കും ഒന്നും മനസിലായില്ല; സംസ്ഥാന പുരസ്‌കാരദാന വേദിയിലെ അനുഭവം പങ്കുവെച്ച് അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് നടി അന്ന ബെന്‍. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു താരം പുരസ്‌കാരത്തിന് അര്‍ഹയായത്. കരിയര്‍ തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളാണ് അന്നയെ തേടിയെത്തിയത്.

മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങാനായി അമ്മമ്മയുടെ സാരി ധരിച്ചായിരുന്നു അന്ന ബെന്‍ എത്തിയത്. അച്ഛമ്മയുടെ ബ്രോച്ചായിരുന്നു മുടിയില്‍ ചൂടിയത്. മനസുകൊണ്ട് താന്‍ അവരെ ഒപ്പം ചേര്‍ക്കുകയായിരുന്നെന്നും പെണ്‍കുട്ടിയെന്ന നിലയില്‍ തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും മുന്നോട്ടു നയിച്ചതുമെല്ലാം അവരായിരുന്നെന്നും അന്ന ബെന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അമ്മമ്മയും അച്ഛമ്മയുമായി ഞാനത്രയ്ക്ക് അടുപ്പമാണ്. അമ്മമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. അച്ഛമ്മയ്ക്ക് 94 വയസായി. അവാര്‍ഡ് വിവരം പറഞ്ഞാലും ഉള്‍ക്കൊള്ളാനാവാത്ത രീതിയില്‍ മാറിക്കഴിഞ്ഞു. അവരുടെ കൂട്ടില്ലാതെ ജീവിതത്തില്‍ ഒരു നേട്ടവും എനിക്ക് കൈപ്പറ്റാനാവില്ല. കാരണം ഇരുവരും എന്നെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ട്.

കേവലം കാഴ്ചകളും കഥകളും നിറച്ചു തരികയായിരുന്നില്ല അവര്‍. വ്യക്തമായ കാഴ്ചപ്പാടുകള്‍ പകര്‍ന്നു തരികയായിരുന്നു. മനസിനെ പാകപ്പെടുത്താന്‍, ചിരിക്കാനും സ്‌നേഹിക്കാനും വിമര്‍ശിക്കാനും പ്രശംസിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചു. വാക്കുകളിലൂടെ വിനയത്തിലേക്കെത്താന്‍ പരിശീലിപ്പിച്ചു. ഭാവി ചിട്ടപ്പെടുത്താനുള്ള പ്രോത്സാഹനവും നിര്‍ദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങി മൈക്കിന് മുന്‍പില്‍ നിന്നപ്പോള്‍ ഉദ്ദേശിച്ചതൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ചിന്തകളായിരുന്നു ആ നേരം മനസില്‍. പ്രസംഗിച്ച് മുന്‍പരിചയമൊന്നുമില്ലല്ലോ..പറഞ്ഞു തുടങ്ങിയപ്പോഴേ കയ്യില്‍ നിന്നു പോയി. ആര്‍ക്കും ഒന്നും പൂര്‍ണമായി മനസിലായില്ല, അന്ന ബെന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more