പപ്പയെ മമ്മൂട്ടിയങ്കിള്‍ മടിയില്‍ കിടത്തി ഉറക്കി, ചുറ്റുമുള്ള ആളുകളെ അദ്ദേഹം അത്രയും സ്‌നേഹിക്കും: അന്ന ബെന്‍
Film News
പപ്പയെ മമ്മൂട്ടിയങ്കിള്‍ മടിയില്‍ കിടത്തി ഉറക്കി, ചുറ്റുമുള്ള ആളുകളെ അദ്ദേഹം അത്രയും സ്‌നേഹിക്കും: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd May 2023, 11:47 am

മമ്മൂട്ടിയും ബെന്നി പി. നായരമ്പലവും തമ്മിലുള്ള സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് നടി അന്ന ബെന്‍. ചുറ്റുമുള്ള ആളുകളെ ഒരുപാട് സ്‌നേഹിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും അതിന്റെ ഭാഗമാവാന്‍ അച്ഛനും പറ്റിയിട്ടുണ്ടെന്നും അന്ന പറഞ്ഞു. മമ്മൂട്ടിയുടെ മടിയില്‍ കിടന്ന് ബെന്നി പി. നായരമ്പലം ഉറങ്ങിയ സംഭവത്തെ പറ്റിയും അന്ന സംസാരിച്ചു.

ഉച്ചക്ക് ഭക്ഷണ ശേഷം ഉറങ്ങാന്‍ പോയ തന്നെ മമ്മൂട്ടി മടിയില്‍ കിടത്തി ഉറക്കി എന്ന് ബെന്നി പി. നായരമ്പലം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ പറ്റിയുള്ള ചോദ്യത്തിനാണ് അന്ന മറുപടി പറഞ്ഞത്.

‘ആ സംഭവം സത്യമാണ്. ശരിക്കും പറഞ്ഞാല്‍ ചുറ്റും നില്‍ക്കുന്ന ആളുകളെ മമ്മൂട്ടിയങ്കിള്‍ ഒരുപാട് സ്‌നേഹിക്കും. ഇത്രയും വലിയ സ്റ്റാറായിട്ട് പോലും ആളുകളെ റിസീവ് ചെയ്യുന്ന ഒരു രീതിയുണ്ട്. കൊവിഡ് സമയത്ത് ഇന്‍ഡസ്ട്രിയിലുള്ള എല്ലാവരേയും വിളിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വീട്ടിലൊക്കെ ഓക്കെയല്ലേ എന്ന് ചോദിച്ചിട്ടുണ്ട്.

അങ്ങനെ നില്‍ക്കുന്ന ആളാണ്. അത്രയും സ്‌നേഹമുണ്ട്. പപ്പക്കും അതിന്റെ ഒരു ഭാഗമാവാന്‍ പറ്റിയിട്ടുണ്ട്. ഒരുപാട് പടങ്ങള്‍ അവര്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു സൗഹൃദം അവര്‍ക്കുണ്ട്,’ അന്ന ബെന്‍ പറഞ്ഞു.

ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന രീതിയെ പറ്റിയും അന്ന ബെന്‍ സംസാരിച്ചു. ‘സാധാരണ കഥാപാത്രമാണെങ്കിലും എക്‌സ്ട്രാ ഓര്‍ഡിനറിയാണെങ്കിലും എടുക്കുന്ന എഫേര്‍ട്ട് ഒന്ന് തന്നെയാണ്. ആ സമയത്ത് പോയി ഡയലോഗ് വായിച്ച് ചെയ്താല്‍ അത് വര്‍ക്കാവില്ല. എത്രയും ജെനുവിനായി ആ കഥാപാത്രം ചെയ്യുന്നോ അത്രയും ആ കഥാപാത്രം സ്വീകരിക്കപ്പെടും.

പറയുന്ന ഡയലോഗ് എനിക്ക് ക്ലിക്കായിട്ടില്ലെങ്കില്‍ അത് കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാവും. ആ ഡയലോഗിന് എന്തോ കുഴപ്പമുണ്ടല്ലോ എന്ന് തോന്നും. ഈ സിനിമയും കഥാപാത്രവും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് ആദ്യം ഞാന്‍ എന്നെ തന്നെ കണ്‍വിന്‍സ് ചെയ്യണം. അങ്ങനെ ചെയ്താലേ ആളുകളിലേക്ക് അത് എത്തുകയുള്ളൂ. ഇതുവരെ ചെയ്ത സിനിമകള്‍ അങ്ങനെയാണ്,’ അന്ന കൂട്ടിച്ചേര്‍ത്തു.

ത്രിശങ്കുവാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന അന്നയുടെ ചിത്രം. അച്ഛ്യുത് വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. മെയ് 26ന് ചിത്രം റിലീസ് ചെയ്യും.

Content Highlight: anna ben about the friendship between mammootty and benny p nayarambalam